മണിച്ചിത്രത്താഴിലെ ക്ലൈമാക്‌സ് നിശ്ചയിച്ചത് സുരേഷ്‌ഗോപി; ഗംഗയെ പറ്റിച്ചത്‌ ഡോ.സണ്ണിയല്ല

1 min read

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. എത്ര കണ്ടാലും മതിവരാത്ത ചിത്രം. സുരേഷ്‌ഗോപി,മോഹന്‍ലാല്‍,ശോഭന, ഇന്നസെന്റ്, നെടുമുടിവേണു, കെപിഎസി ലളിത, കുതിരവട്ടം പപ്പു, ഗണേഷ്, സുധീഷ് തുടങ്ങിയ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിലെ ഡയലോഗുകള്‍ ഇന്നുംപ്രേക്ഷകമനസ്സുകളെകോള്‍മയിര്‍ കൊള്ളിക്കുന്നു.ഡോ.സണ്ണിയും നകുലനും ഗംഗയുമൊക്കെ പതിറ്റാണ്ടുകള്‍ക്കുശേഷവും മിമിക്രിവേദിയിലും സഹൃദയരുടെ സംഭാഷണങ്ങളിലും നിറഞ്ഞാടുന്നു.

മണിച്ചിത്രത്താഴിലെ ക്ലൈമാക്‌സിനെ സംബന്ധിച്ചുള്ള ഒരു രഹസ്യം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ് സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണന്‍.

മണിച്ചിത്രത്താഴിന്റെ ചിത്രീകരണ സമയത്ത് ക്ലൈമാക്‌സ് എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സംവിധായകനായ ഫാസിലിന് വലിയൊരു ആശയക്കുഴപ്പമുണ്ടായി. കാരണവരോടുള്ള പ്രതികാരം തീര്‍ന്നാലേ നാഗവല്ലി ഗംഗയുടെ ശരീരം വിട്ടുപോവുകയുള്ളൂ. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കും എന്ന് ആശയക്കുഴപ്പത്തിലിരിക്കുന്ന സമയത്ത് സഹായത്തിനെത്തിയത് സുരേഷ്‌ഗോപിയായിരുന്നു എന്നാണ് ബി.ഉണ്ണിക്കൃഷ്ണന്‍ വെളിപ്പെടുത്തുന്നത്.

കാരണവരുടെ ഡമ്മിയുണ്ടാക്കി അതിനെ മറിച്ചിട്ട് വെട്ടാം എന്ന പരിഹാരനിര്‍ദ്ദേശമാണ് സുരേഷ്‌ഗോപിയുടെ ഭാഗത്തു നിന്നുണ്ടായത്. നാഗവല്ലി ഡമ്മിയില്‍ വെട്ടട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. വളരെപോസിറ്റീവായ ഒരു നിര്‍ദ്ദേശമായിരുന്നു അത്. സംവിധായകനായ ഫാസില്‍ ഈ നിര്‍ദ്ദേശം സന്തോഷത്തോടെ സ്വീകരിക്കുകയും അതേ രീതിയില്‍ തന്നെ ക്ലൈമാക്‌സ് ചിത്രീകരിക്കുകയും ചെയ്തു. ഇക്കാര്യം ഫാസില്‍ തന്നെയാണ് തന്നോട് പറഞ്ഞതെന്നും ഉണ്ണിക്കൃഷ്ണന്‍ വെളിപ്പെടുത്തുന്നുണ്ട്.

ഡമ്മി കാരണവരെ വെച്ച് ഗംഗയെ പറ്റിച്ചത്‌ഡോ.സണ്ണിയുടെ കുരുട്ടുബുദ്ധിയാണ് എന്നാണ് ഇത്രനാളുംപ്രേക്ഷകര്‍ കരുതിയിരുന്നത്. വൈകിയാണെങ്കിലും സത്യം പുറത്തു വന്നിരിക്കുകയാണ്. നകുലനായിരുന്നു ആ നീക്കത്തിനു പിന്നില്‍. നാഗവല്ലി എന്ന തമിഴത്തിയില്‍ നിന്നും എങ്ങനെയും തന്റെ ഗംഗയെ രക്ഷിക്കാനായിരിക്കണം അദ്ദേഹം അങ്ങനെയൊരു നീക്കം നടത്തിയത്.

ഏതാനും ചില നടന്‍മാര്‍ മലയാള സിനിമയില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാരോപിച്ച് ഫെഫ്ക നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് ബി.ഉണ്ണിക്കൃഷ്ണന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമയുടെ എഡിറ്റ് കാണണമെന്ന് ചില നടന്‍മാര്‍ വാശി പിടിക്കുന്നു എന്ന് വെളിപ്പെടുത്തുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ പുരോഗതിക്കായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നടന്‍മാരും ഉണ്ടെന്നതിന് ഉദാഹരണമായാണ് മണിച്ചിത്രത്താഴിലെ സംഭ്രമ ജനകമായ ഈ ക്ലൈമാക്‌സിനെക്കുറിച്ച് ഉണ്ണിക്കൃഷ്ണന്‍ പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.