രാജാജിനഗർ നിവാസികളുടെ ദുരിത ജീവിതത്തിന് കേന്ദ്ര പദ്ധതിയിലൂടെ പരിഹാരം കാണുമെന്ന് സുരേഷ്ഗോപി
1 min readതിരുവനന്തപുരം : രാജാജി നഗറിലെ ജനങ്ങളുടെ ദുരിത ജീവിതത്തിന് പരിഹാരം കാണാൻ, അവരുടെ ആവശ്യപ്രകാരം നടൻ സുരേഷ്ഗോപിയെത്തി. കേന്ദ്ര സർക്കാരിന്റെ അർബൻ ഡവലപ്പ്മെന്റ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട് രാജാജി നഗർ നിവാസികളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമെന്നും അതിന്റെ ഭാഗമായി ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കാനാണ് താൻ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 12 ഏക്കറോളം വരുന്ന കോളനി പൂർണമായും നവീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാരുമായി ആലോചിക്കും. അതിനായി 10 വീടുകൾക്ക് ഒരാളെന്ന നിലയിൽ 1500ഓളം കുടുംബങ്ങളിൽ നിന്നായി ഒരു പ്രതിനിധിസഭ രൂപീകരിച്ച് തന്നെ അറിയിക്കണമെന്നും സുരേഷ്ഗോപി രാജാജി നഗറുകാരോട് പറഞ്ഞു. അതിനായി വീണ്ടും വരും.
ടിൻഷീറ്റുകൾ പാകി തകർന്നു വീഴാറായ വീടുകളിലാണ് ഇവിടെ ഭൂരിഭാഗവും താമസിക്കുന്നത്. പരിസരമാകട്ടെ ദുർഗന്ധം നിറഞ്ഞതും. അൻപതു വർഷത്തിലേറെയായി തങ്ങൾക്കു കിട്ടിയ ഫൽറ്റുകൾ താമസത്തിനു പറ്റാത്തവിധം മേൽക്കൂര അടർന്നു വീഴുന്നതായി ആളുകൾ പരാതിപ്പെട്ടു. മൂന്നര ഏക്കറോളം സ്ഥലത്ത് സ്മാർട്ട്സിറ്റി പദ്ധതിയിൽപ്പെടുത്തി നഗരസഭ പുതുതായി ഫൽറ്റ് പണിതു തരാമെന്നു പറഞ്ഞെങ്കിലും നടപടികൾ ഒന്നുമായില്ലെന്ന് അവർ പറഞ്ഞു. രണ്ടര വർഷമാണ് കാലാവധി പറഞ്ഞത്. അതുവരെ സ്വന്തം ചെലവിൽ മാറിത്താമസിക്കണം. എന്നാൽ പണിപൂർത്തിയാകുന്നതുവരെകോളനി നിവാസികളെ പുനരധിവസിപ്പിക്കാൻ നഗരസഭ തയ്യാറാകാത്തത് ജനങ്ങളിൽ സംശയം ഉണർത്തിയിട്ടുണ്ട്.
കൂടാതെ പുതുതായി തയ്യാറാക്കിയ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് കൂടുതലും സിപിഎം കാരാണ്. ഇതോടെ തങ്ങളെ കുടിയൊഴിപ്പിച്ച് പാർട്ടിക്കാർക്ക് നൽകാനാണ് നീക്കമെന്നും അവർ സംശയിക്കുന്നു. സ്മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പണിയാരംഭിച്ച ശ്രീമൂലംറോഡ് നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നതും സ്ഥലത്തുനിന്ന് മാറുന്നതിനോട് ആളുകൾക്ക് എതിർപ്പിനിടയാക്കിയിട്ടുണ്ട്. നടപടികൾ നീണ്ടുപോയാൽ ഫണ്ട് ലാപ്സാവാൻ സാധ്യതയുണ്ടെന്നു കണ്ടതോടെയാണ് പ്രദേശവാസികൾ സുരേഷ്ഗോപിയെ സമീപിച്ചത്. ബിജെപി ഭാരവാഹികളും സുരേഷ്ഗോപിയോടൊപ്പം എത്തിയിരുന്നു.