കടുകുമണ്ണ ഊരിലെ ആദിവാസി അമ്മക്കും കുഞ്ഞിനും സുരേഷ്‌ഗോപിയുടെ സമ്മാനം

1 min read

പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ അട്ടപ്പാടി കടുകുമണ്ണ ഊരുകാര്‍ വനത്തിലൂടെ തുണിമഞ്ചലുമായി മൂന്ന് കിലോമീറ്റര്‍ പാഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.മൂന്ന് കിലോമീറ്ററിനെ മുന്നൂറ് മീറ്ററാക്കി ചുരുക്കി പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിയമസഭയിന്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായി. ഈ സാഹചര്യത്തിലാണ് ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യരും സംഘവും ദുര്‍ഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് നടന്ന് പോയത്.അട്ടപ്പാടി കോട്ടത്തറയിലെ ആശുപത്രിയിലെത്തി അമ്മയെയും കുഞ്ഞിനേയും അവര്‍ കണ്ടു . സുരേഷ് ഗോപി കുഞ്ഞിനുള്ള സമ്മാനമായി ഏല്‍പ്പിച്ച തൊട്ടിലും സഹായധനവും അമ്മക്ക് കൈമാറി . സുരേഷ് ഗോപി ഫോണില്‍ അമ്മയോട് സുഖ വിവരങ്ങള്‍ തേടുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ഫേസ് ബുക്കില്‍ കുറിച്ചു .

300 മീറ്റര്‍ മാത്രമേ മുരുകന് തന്റെ ഗര്‍ഭിണിയായ ഭാര്യയെ തുണിയില്‍ കെട്ടി ചുമക്കേണ്ടി വന്നുള്ളൂ എന്നാണ് മന്ത്രി നിയമ സഭയില്‍ പറഞ്ഞത് . മുരുകനുമൊത്ത് ആ ദുര്‍ഘടമായ വനപാതയിലൂടെ കടുകുമണ്ണ ഊരിലേക്ക് നടന്ന് പോയെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു . 300 മീറ്റര്‍ അല്ല , മൂന്ന് കിലോമീറ്ററില്‍ അധികം ദൂരം . പട്ടിണി കിടന്ന് വിശന്നപ്പോള്‍ ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മധുവിന്റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര് . മധുവിന്റെ ചെറിയമ്മയുടെ മകനാണ് മുരുകന്‍ .കടുകുമണ്ണ ഊരില്‍ റോഡില്ല , വൈദ്യുതി ലൈനില്ല ,മൊബൈല്‍ റേഞ്ച് ഇല്ല , ഊരു വാസികള്‍ക്ക് മൊബൈലും ഇല്ല . സോളാര്‍ പാനലില്‍ ചില വീടുകളില്‍ പ്രകാശമുണ്ട് . മഴക്കാലത്ത് അതുമില്ല .അഞ്ചു മാസമായി ആനവായിലെ സബ് സെന്റര്‍ പൂട്ടിക്കിടക്കുകയാണ് . അത് തുറന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ശിശു മരണങ്ങള്‍ നടക്കാന്‍ സാധ്യത ഏറെയാണ് . അത് ഉടന്‍ പ്രവര്‍ത്തന ക്ഷമമാക്കണം .ആനവായില്‍ നിന്ന് കടുകുമണ്ണ തൂക്കുപാലം വരെയുള്ള റോഡ് മഴ പെയ്താല്‍ സഞ്ചാര യോഗ്യമല്ല . അത് അടിയന്തരമായി ഇന്റര്‍ലോക്ക് ചെയ്യണം . നിയമസഭയില്‍ പറഞ്ഞ 300 മീറ്റര്‍ കള്ളം തിരുത്താനും തയ്യാറാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related posts:

Leave a Reply

Your email address will not be published.