ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍: ആരാധകര്‍ക്ക് നിരാശവാര്‍ത്ത!

1 min read

ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ സുനില്‍ ഛേത്രിയുണ്ടാകില്ല

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ പുരുഷവനിതാ ടീമുകള്‍ക്ക് കായിക മന്ത്രാലയം അനുമതി നല്‍കിയതിന്റെ സന്തോഷം മാറും മുമ്പെ ആരാധകരെ നിരാശരാക്കി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുള്ള കായിക താരങ്ങള്‍ക്ക് അക്രഡിറ്റേഷനായി സമര്‍പ്പിച്ച പട്ടികയില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെയും ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധുവിന്റെയും പ്രതിരോധനിര താരം സന്ദേശ് ജിങ്കാന്റെയും പേരില്ലെന്നാണ് റിപ്പോര്‍ട്ട് ചെയുന്നത്. അണ്ടര്‍23 വിഭാഗത്തിലാണ് പുരുഷ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏഷ്യന്‍ ഗെയിംസില്‍ നടക്കുകയെങ്കിലും മൂന്ന് സീനിയര്‍ താരങ്ങള്‍ക്ക് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരമുണ്ട്.

ഛേത്രിയും ജിങ്കാനും സന്ധുവും ഇന്ത്യക്കായി ഗെയിംസില്‍ കളിക്കുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയും ആക്ടിംഗ് സിഇഒയും കൂടിയായ കല്യാണ്‍ ചൗബേ നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ എട്ടുവരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാനുള്ള കായിക താരങ്ങളുടെ അക്രഡിറ്റേഷനായി ഏഷ്യന്‍ ഗെയിംസ് സംഘാടക സമിതിക്ക് സമര്‍പ്പിച്ച പട്ടികയിലാണ് ഛേത്രിയടക്കമുള്ള ഫുട്‌ബോള്‍ താരങ്ങളുടെ പേര് ഇല്ലാത്തതെന്നാണ് റിപ്പോര്‍ട്ട്.

സംഘാടക സമിതിക്ക് സമര്‍പ്പിച്ച കായിക താരങ്ങളുടെ പട്ടികയില്‍ 22 ഫുട്‌ബോള്‍ താരങ്ങളുടെ പേരുകളാണുള്ളത്. അതേസമയം ഛേത്രിയടക്കമുള്ള താരങ്ങള്‍ക്ക് പ്രത്യേക കേസായി പരിഗണിച്ച് അക്രെഡിറ്റേഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ ചൗബെ സംഘാടക സമിതിക്ക് കത്തെഴുതിയിട്ടുണ്ടെന്നും ജൂലൈ 15നാണ് സംഘാടക സമിതിക്ക് കായികതാരങ്ങളുടെ ലിസ്റ്റ് നല്‍കിയതെന്നും അന്ന് ഫുട്‌ബോള്‍ ടീമിനെ അയക്കാന്‍ അനുമതിയായിരുന്നില്ലെന്നും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.