ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങളുടെ ലേലം സ്റ്റേ ചെയ്ത് ഹൈക്കോടതി; നടപടി അഡ്വ.ശങ്കു ടി ദാസിന്റെ ഹർജിയിൽ

1 min read

കൊച്ചി : മലപ്പുറം ജില്ലയിലെ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി ലേലം ചെയ്യാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ബിജെപി ഇന്റലക്ച്വൽ സെൽ സംസ്ഥാന കൺവീനറായ അഡ്വ.ശങ്കു ടി ദാസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പദ്ധതിയുമായി മുന്നോട്ടു പോകരുതെന്നും ക്ഷേത്ര പരിസരത്ത് നിലവിലെ സ്ഥിതി തന്നെ തുടരണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ക്ഷേത്രവളപ്പിലെ 187 മരങ്ങൾ ലേലം ചെയ്യാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നത്. വിവരം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി ഭക്തർ രംഗത്തെത്തി. ഇതിനെത്തുടർന്നാണ് അഡ്വ.ശങ്കു ടി ദാസ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതോടെ ലേല തീരുമാനം മാറ്റിയതായി ദേവസ്വം ബോർഡിനു വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ കോടതിയെ അറിയിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ രേഖാമൂലമുള്ള അറിയിപ്പും വന്നു. കേസിൽ കേരള സർക്കാരിനെയും ജില്ലാ കളക്ടറെയും കക്ഷി ചേർക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ചുകൊണ്ട് കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെയ്ക്കുകയായിരുന്നു. തുടർന്നാണ് ലേലനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തത്.
എടപ്പാൾ ടൗണിൽ നിന്നും വളരെ കുറച്ചു ദൂരമേ ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലേക്കുള്ളൂ. ക്ഷേത്രത്തിലെ നിത്യനിദാന ചെലവുകൾ കണ്ടെത്താനല്ല മരങ്ങൾ ലേലം ചെയ്യാൻ ദേവസ്വം തീരുമാനിച്ചത്. നല്ല വരുമാനമുള്ള ക്ഷേത്രമാണിത്. 12 ഏക്കറോളം വരുന്ന ക്ഷേത്രഭൂമി പൊതുസ്വത്താക്കി മാറ്റാനും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനുമുള്ള ദേവസ്വം ബോർഡിന്റെ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ.
ഇതു തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കുകയായിരുന്നു ഭക്തജനങ്ങൾ. ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്ര ആചാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ഷേത്രപരിസരത്ത് ഭക്തജന സംഗമവും പ്രതിഷേധ യോഗവും നടന്നിരുന്നു. ഭക്തജനങ്ങൾ നാമജപങ്ങളോടെ കൈ കോർത്തു പിടിച്ച് ക്ഷേത്രത്തിനു ചുറ്റും സംരക്ഷണ വലയം തീർക്കുകയും ചെയ്തിരുന്നു.

Related posts:

Leave a Reply

Your email address will not be published.