ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അഴിമതി നടത്തുന്നു: കെ.സുരേന്ദ്രന്
1 min readകോഴിക്കോട്: 2024 ഓടെ ഇന്ത്യയില്‍ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി, മൂടാടി, ചാത്തമംഗലം പഞ്ചായത്തുകളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയിലാണ് 120 കോടിയുടെ അഴിമതി നടന്നതെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നില്‍. കേന്ദ്ര പദ്ധതിയിലാണ് അഴിമതി നടക്കുന്നതെന്നത് ഗൗരവതരമാണ്. ജല്‍ജീവന്‍ മിഷന് വേണ്ടി കഴിഞ്ഞ വര്‍ഷം 9,00 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് അനുവദിച്ചത്. എന്നാല്‍ സംസ്ഥാനം വിഹിതം അനുവദിച്ചില്ലെന്ന് മാത്രമല്ല അതില്‍ നിന്നും അടിച്ചു മാറ്റുകയും ചെയ്യുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ ജല്‍ജീവന്‍ മിഷന്റെ നേട്ടങ്ങള്‍ കൈവരിക്കുമ്പോള്‍ കേരളത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അഴിമതി നടത്തുകയാണ്. മലപ്പുറത്തുള്ള കരാറുകാരന് കരാര്‍ ലഭിക്കാന്‍ വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റുകയായിരുന്നു. മലപ്പുറം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ നല്കിയ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാള്‍ കരാര്‍ പിടിച്ചത്. ഫ്ലാറ്റ് ബോട്ടം അപ് വേഡ് ഫ്ലോ സ്ലഡ്ജ് ബ്ലാങ്കന്റ് ടെക്നോളജി ഉപയോഗിച്ച് പൊന്നാനിയില്‍ പ്ലാന്റ് ചെയ്തുവെന്നാണ് ഇയാള്‍ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നതെങ്കിലും അങ്ങനൊരു ടെക്നോളജിയില്‍ വര്‍ക്ക് നടന്നിട്ടില്ലെന്ന് കോഴിക്കോട് ചീഫ് എഞ്ചിനീയര്‍ കണ്ടെത്തി. എന്നാല്‍ അവരെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയും മലപ്പുറം സൂപ്രണ്ടിനെ കോഴിക്കോട്ടെത്തിക്കുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ടെന്‍ഡര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി 559 കോടിയുടെ പദ്ധതിക്ക് 10% തുക ഉയര്‍ത്തി 614 കോടിയ്ക്ക് ക്വോട്ട് ചെയ്യിപ്പിച്ചു. ഇതില്‍ കോടികളുടെ ഇടപാടാണ് നടന്നത്. ഇപ്പോള്‍ കരാറു കിട്ടിയിട്ടുള്ള മിഡ്ലാന്‍ഡ് കമ്പനിയെ നേരത്തെ കിഫ്ബി പദ്ധതിയില്‍ തിരിമറി നടത്തിയതിന് പിടികൂടിയിരുന്നു.
ജല്‍ ജീവന് മിഷന് പദ്ധതിയുടെ ഉന്നത ഉദ്യോഗസ്ഥരുടേയും കേന്ദ്രമന്ത്രിയുടേയും ശ്രദ്ധയില്‍ ഈ കാര്യങ്ങള്‍ കൊണ്ടുവരുകയും നിയമനടപടി കൈക്കൊള്ളുകയും ചെയ്യുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
ദേശീയപാത നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ എത്ര തുക നല്‍കുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കണം. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന റോഡിന്റെ പടം ഫ്ലക്സടിച്ച് സ്വന്തം പടം വെക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണ് റിയാസ്. ദേശീയപാത വികസനത്തിന് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കലിന് 25 ശതമാനം വഹിക്കാമെന്ന് ആദ്യം പറഞ്ഞിരുന്ന സംസ്ഥാനം പിന്നീട് അതില്‍ നിന്നും പിന്മാറുകയായിരുന്നു. ഒരു വാക്ക് പറഞ്ഞിട്ട് അതില്‍ നിന്നും പിന്മാറുന്നത് മാന്യതയല്ല. ഈ കാര്യം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരി പാര്‍ലമെന്റില്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയോ റിയാസോ പ്രതികരിച്ചില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
പൂതന പരാമര്‍ശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്രസ്താവനയാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കള്‍ക്കെതിരെയുള്ള ഒരു ജനറല്‍ സ്റ്റേറ്റ്മെന്റ് മാത്രമാണത്. അത് ഒരു വ്യക്തിയേയും ഉദ്ദേശിച്ചല്ല. വിഡി സതീശന് സിപിഎമ്മുമായി അടുക്കാനുള്ള ഒരു വഴിമാത്രമാണിത്.
റിയാസിന്റേത് വിവാഹം അല്ല അത് വ്യഭിചാരം ആണെന്ന് മുസ്ലിം ലീഗ് നേതാവ് പറഞ്ഞപ്പോ ഒരു സിപിഎം നേതാവും കേസ് കൊടുത്തില്ല.
എ.വിജയരാഘവന് രമ്യ ഹരിദാസ് കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയെ പറ്റി അശ്ശീലംപറഞ്ഞപ്പോള് വിഡി സതീശന് ഉള്‍പ്പെടെയുള്ള ഒരു കോണ്‍ഗ്രസ് നേതാവും മിണ്ടിയില്ല. ജി.സുധാകരന് ഷാനിമോള്‍ ഉസ്മാനെ പൂതന എന്ന് വിളിച്ചപ്പോള്‍ ഒരു കേസും എടുത്തില്ല.
എംഎം മണിയുടെയും വിഎസിന്റെയും പ്രസ്താവനകള്‍ക്കെതിരെയും കേസെടുത്തില്ലെന്നും കെ.സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.രഘുനാഥ്, ജില്ലാ അദ്ധ്യക്ഷന്‍ വികെ സജീവന്, ജനറല്‍സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.