ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ്; സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി
1 min readന്യൂഡല്‍ഹി: ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതായി വ്യോമയാന മന്ത്രാലയം. ഇനി പരിസ്ഥിതി അനുമതി കൂടി ലഭ്യമായാല്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളിലേക്ക് കടക്കാം. സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
വിനോദ സഞ്ചാരമേഖലയ്ക്കും പ്രത്യേകിച്ച്, അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ പറഞ്ഞത്.
24, 25 തീയതികളില്‍ കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി ഈ വിഷയവും പരാമര്‍ശിക്കാന്‍ ഇടയുണ്ട്. ചെറുവള്ളിയില്‍ നെടുമ്പാശ്ശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതിയാണ് രാജ്യന്തര വിമാനത്താവളമായി ചിറക് വിരിയ്ക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേയാണ് ലക്ഷ്യമിടുന്നത്. വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തിയ ചെറുവള്ളിയില്‍ നിന്ന് ശബരിമലയിലേക്കുള്ള ദൂരം 48 കിലോ മീറ്ററാണ്.
ശബരിമലയിലേക്ക് എത്തുന്ന വിദേശ തീര്‍ത്ഥാടകരുടെ എണ്ണം കൂടുന്നതിനൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തെ ആശ്രയിക്കുന്ന 40 ശതമാനം ആളുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 60 ശതമാനം പേരും നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ 30 കിലോ മീറ്റര്‍ ചുറ്റളവില്‍ നിന്നുള്ളവരാണെന്നതിനാല്‍ പദ്ധതിയുടെ പ്രാധാന്യം ഏറും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലുള്ള പ്രവാസികള്‍ക്കാണ് വിമാനത്താവളം ഏറ്റവും അധികം ഗുണം ചെയ്യുക.