സിദ്ദീഖിന് അപൂർവമായൊരു പിറന്നാൾ സമ്മാനം
1 min read33 വർഷം മുൻപ് സിദ്ദീഖ് ആരാധകന് അയച്ച കത്ത് പിറന്നാൾ സമ്മാനമായി ഫെയ്‌സ്ബുക്കിൽ
ഒക്‌ടോബർ 1നായിരുന്നു നടൻ സിദ്ദീഖിന്റെ ബർത്ത്‌ഡേ. സിദ്ദീഖിനെ സംബന്ധിച്ചിടത്തോളം മുമ്പൊരിക്കലുമില്ലാത്ത പ്രാധാന്യം ഈ ജന്മദിനത്തിനുണ്ട്. അപൂർമായൊരു പിറന്നാൾ സമ്മാനം അദ്ദേഹത്തെ തേടിയെത്തിയ ദിവസമാണത്. 33 വർഷം മുൻപ്, കൃത്യമായി പറഞ്ഞാൽ 1990 ഏപ്രിൽ 30ന് സിദ്ദീഖ് ഒരു ആരാധകന് അയച്ച കത്ത്. ഇന്ന് ആ കത്തിന്റെ പകർപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുകയാണ്.
ഈ കത്ത് ഷെയർ ചെയ്തുകൊണ്ട് സിദ്ദീഖ് പറയുന്നത് ഇങ്ങനെയാണ്. ”നജീബ് മൂടാടി എന്നൊരാൾ 33 വർഷം മുൻപ് എനിക്കയച്ച കത്തിന് ഞാൻ അയച്ച മറുപടിയാണിത്. ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പേജിൽ അത് പോസ്റ്റ് ചെയ്തു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ഇന്ന് എനിക്കു കിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാൾ സമ്മാനമായിട്ട് ഞാൻ ഈ കത്ത് കണക്കാക്കുന്നു. നിങ്ങൾക്കെല്ലാവർക്കും വായിക്കാൻ വേണ്ടി ഞാനിത് പോസ്റ്റു ചെയ്യുന്നു”
33 വർഷം ആരാധകൻ നിധി പോലെ കാത്തു സൂക്ഷിച്ച കത്തിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.
”ഡിയർ നജീബ്,
അയച്ച കത്ത് കിട്ടി. ഞാൻ സ്ഥലത്തില്ലായിരുന്നു. ഇന്നലെയാണ് വന്നത്. താങ്കൾ എന്നെ പ്രത്യേകം ശ്രദ്ധിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ട്. മേലിലും എന്റെ ചിത്രങ്ങൾ കാണുകയും ഉള്ളു തുറന്ന് അഭിപ്രായങ്ങൾ എഴുതുകയും വേണം. എന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ എഴുന്നള്ളത്ത്, നാട്ടുവിശേഷം, പാവം പാവം രാജകുമാരൻ, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, ചോദ്യം, ഒന്നാം മുഹൂർത്തം, എന്നിവയാണ്. ഇവയിലെല്ലാം തന്നെ തീരെ ചെറുതല്ലാത്ത വേഷങ്ങളുമാണ്. ഇവയെല്ലാം താങ്കൾ കാണുകയും എന്റെ പോരായ്മകൾ എവിടെയെല്ലാമാണെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യണം ബുദ്ധിമുട്ടാവില്ലെങ്കിൽ. നിങ്ങളുടെ അഭിപ്രായങ്ങൾ കഴിവിന്റെ പരമാവധി പാലിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്. പിന്നെ ബാംഗ്ലൂരിലെ ജോലിയും താമസവുമൊക്കെ എങ്ങിനെ? സുഖം? താങ്കളുടെ സുഹൃത്തുക്കളേയും എന്റെ സ്‌നേഹാന്വേഷണങ്ങൾ അറിയിക്കണം. സമയം കിട്ടുമ്പോഴൊക്കെ എനിക്കെഴുതണം. നിറുത്തട്ടെ.
ആശംസകളോടെ സിദ്ദീഖ്.”
സിദ്ദീഖിന്റെ പോസ്റ്റിനു താഴെ അദ്ദേഹത്തിന്റെ കയ്യക്ഷരത്തെ പുകഴ്ത്തിയും നടന് പിറന്നാൾ ആശംസ നേർന്നും അനവധി കമന്റുകളും കാണാം. കത്ത് ഇത്ര കാലവും സൂക്ഷിച്ചു വെച്ച നജീബിനെ അഭിനന്ദിക്കാനും മറക്കുന്നില്ല ആരാധകർ. ഇങ്ങനെയുമുണ്ട് മനുഷ്യർ ഹൃദയത്തോട് ചേർത്തു വെക്കുന്നവർ, ആ മനുഷ്യന് ഇതൊരു നിധി ആയിരിക്കാം… ആ നിധിക്ക് നിങ്ങൾ നൽകിയ മൂല്യമാണ് ഇക്ക ഈ പോസ്റ്റ് ഇങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. കത്തുകൾക്ക് പ്രാധാന്യമുണ്ടായിരുന്ന ആ കാലത്തെക്കുറിച്ചുള്ള നൊസ്റ്റാൾജിയ പങ്കുവെച്ചവരും കുറവല്ല.