നീതിക്കു വേണ്ടി 50 ലധികം തവണ ഓഫീസുകൾ കയറിയിറങ്ങി യുവതി

1 min read

കോഴിക്കോട് മെഡിക്കൽ കോളേജ് ICU വിൽ അതിക്രമത്തിനിരയായ യുവതിയുടെ ദുരനുഭവം

4 മാസത്തിനിടെ അൻപതിലേറെ തവണ ഞാൻ വിവിധ ഓഫിസുകൾ കയറി ഇറങ്ങിയിട്ടുണ്ട്. ശസ്ത്രക്രിയയുടെ വേദന മാറും മുൻപ് മന്ത്രിക്കും കലക്ടർക്കും കമ്മിഷണർക്കും മുൻപിൽ നീതി തേടി ചെല്ലേണ്ടി വന്നു. അതിക്രമത്തിനെതിരെ പരാതിപ്പെട്ടാൽ ഇതാണ് അവസ്ഥയെങ്കിൽ ഇനി ആരെങ്കിലും പരാതിപ്പെടാൻ വരുമോ ? – ഭരണാധികാരികളോടാണ് ഈ ചോദ്യം. ചോദിക്കുന്നത് മറ്റാരുമല്ല. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ICU വിൽ ലൈംഗിക അതിക്രമത്തിനിരയായ യുവതി . ഉത്തരം പറയേണ്ട ബാധ്യത ഭരണകൂടത്തിനല്ലേ …

ശസ്ത്രക്രിയയ്ക്കു ശേഷമുള്ള മയക്കത്തിനിടെ മെഡിക്കൽ കോളജിലെ അറ്റൻഡർ എം.കെ.ശശീന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയതായാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം നടന്നത്. 

ഏറെ വിവാദങ്ങൾക്കു ശേഷം പ്രതിയെ അറസ്റ്റ് ചെയ്തു. പിന്നാലെ അയാളുടെ സഹപ്രവർത്തകരായ 5 സ്ത്രീകൾ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നിട്ടും തളരാതെ വനിതാ കമ്മീഷനു മുന്നിലെത്തിയ തനിക്ക് നേരിടേണ്ടി വന്നത് ദുരനുഭവം തന്നെയെന്ന് യുവതി പറയുന്നു. വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തതാണ്. പക്ഷേ വീട്ടിൽ വന്ന് മൊഴിയെടുക്കുന്നതിനു പകരം അവർ രണ്ടു തവണ അദാലത്തിനു വിളിപ്പിച്ചു. മാധ്യമങ്ങളുടെയും മറ്റ് പരാതിക്കാരുടെയും മുന്നിൽ കാഴ്ചവസ്തുവായി നിൽക്കേണ്ടി വന്നുവെന്നും യുവതി പറയുന്നു.

കേസിന്റെ തുടക്കം മുതലേ ഉന്നതരുടെ ഇടപെടൽ ഉണ്ടായിരുന്നു. കേസ് പിൻവലി പ്പിക്കാനായിരുന്നു ആദ്യ ശ്രമം. അവർക്കെതിരെ കേസെടുക്കാനും സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുത്ത നടപടി പിൻ വലിപ്പിക്കാനും പല തവണ മന്ത്രിക്കും കലക്ടർക്കും പൊലീസ് കമ്മീഷണർക്കും മുന്നിൽ ചെല്ലേണ്ടി വന്നു. റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ നോട്ടീസ് അയച്ചിട്ടും മെഡിക്കൽ കോളേജ് അധികാരികൾ മറുപടി നൽകിയില്ല. നോട്ടീസ് അയച്ചു എന്ന് വനിതാ കമ്മീഷനും കിട്ടിയിട്ടില്ല എന്ന് മെഡിക്കൽ കോളേജ് അധികൃതരും മാറി മാറി പറയുന്നു. റിപ്പോർട്ട് നൽകേണ്ടത് ആരാണെന്ന കാര്യത്തിലും അവർ തർക്കത്തിലാണ്. പ്രിൻസിപ്പലാണ് നൽകേണ്ടതെന്ന് സൂപ്രണ്ടും , സൂപ്രണ്ടാണ് നൽകേണ്ടതെന്ന് പ്രിൻസിപ്പലും .

കുറേക്കാലം നടന്ന് മടുക്കുമ്പോൾ പിൻമാറും എന്നാണ് അവർ കരുതുന്നത്. ഏതറ്റം വരെ പോയും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും യുവതി പറയുന്നു. നീതിക്കു വേണ്ടി മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ ഓഫീസിനു മുന്നിൽ കുത്തിയിരിക്കാനാണ് അവരുടെ തീരുമാനം.

Related posts:

Leave a Reply

Your email address will not be published.