യുവനടിമാര്‍ക്കെതിരായ ലൈംഗിക അതിക്രമം; സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

1 min read

കോഴിക്കോട്: കോഴിക്കോട് സിനിമാ പ്രമോഷന്‍ ചടങ്ങിനെത്തിയ യുവനടിമാര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പൊലീസന്വേഷണം ഊര്‍ജിതം. സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇത് ഉടന്‍ ശാസ്ത്രീയ പരിശോധനക്കായി അയക്കും. പരിപാടി നടന്ന ഇടം, നടവഴി എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് പൊലീസ് ഇപ്പോള്‍ ശേഖരിച്ചത്. കൂടുതല്‍ വ്യക്തതക്ക് വേണ്ടി സമീപത്തെ കൂടുതല്‍ ദൃശ്യങ്ങള്‍ കൂടി ശേഖരിക്കണമെന്ന് പൊലീസ് പറഞ്ഞു.

കോഴിക്കോട് ചൊവ്വാഴ്ച വൈകീട്ട് നടന്ന സിനിമ പ്രമോഷന്‍ ചടങ്ങ് കഴിഞ്ഞിറങ്ങുമ്പോഴാണ് രണ്ട് നടിമാര്‍ക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെ പന്തീരാങ്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. രണ്ട് നടിമാരുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. അതിക്രമം നടത്തിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് ഇരുവരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പൊലീസ് ഉടന്‍ തന്നെ ശാസ്ത്രീയ പരിശോധനക്കായി അയക്കും. വിദൂര ദൃശ്യങ്ങളായതിനാല്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ വിശകലനം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. മാള്‍ അധികൃതരില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. അതിക്രമത്തിനെതിരെ ഒരു നടി പ്രതികരിക്കുന്ന ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു. ഇതിലുളളയാള്‍ കോഴിക്കോട്ടുകാരനെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാള്‍ തന്നെയാണോ അതിക്രമം നടത്തിയതെന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ലെന്നാണ് പൊലീസ് പറയുന്നത്. കൂടുതല്‍ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും കൈമാറാന്‍ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പാളിച്ചയുണ്ടായോ എന്നതുള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്

Leave a Reply

Your email address will not be published.