സവാദ്: സൂചന കിട്ടിയത് ഇളയകുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റില്‍ നിന്ന്

1 min read

വിവരങ്ങള്‍ നല്‍കിയത് പി.എഫ്.ഐ നേതാക്കള്‍ തന്നെ

പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടി മാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിനെ പിടികൂടാന്‍ സഹായിച്ചത് ഇളയ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്. ഇതില്‍ പിതാവിന്റെ പേരായി സവാദ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. നാട്ടില്‍ ഷാജഹാന്‍ എന്ന പേരിലറിയപ്പെട്ടിരുന്നതാണ് ഇയാള്‍ക്ക് ഒളിക്കാന്‍ ഇതുവരെ തുണയായത്. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ രേഖകളിലാണ് സവാദ് എന്ന പേരുള്ളത്. സി.പി.എം ശക്തികേന്ദ്രമായ മട്ടന്നൂരിലും പരിസര പ്രദേശത്തും വര്‍ഷങ്ങളായി ഇയാള്‍ ഒളിച്ചു താമസിച്ചിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തത് ലോക്കല്‍ പോലീസിന്റെ വീഴചയായാണ് കരുതുന്നത്. കേസന്വേഷണം ക്രൈംബ്രാഞ്ചില്‍ നിന്ന എന്‍.ഐ.എ ഏറ്റെടുത്തെങ്കിലും ജനങ്ങളുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കേണ്ടതും പിടികിട്ടാപുള്ളികളുടെ വിവരം ശേഖരിക്കേണ്ടതും സംസ്ഥാന പോലീസിന്റെ ചുമതലയാണ്. സവാദിന്റെ ഒളിവ് ജീവിതത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച ദേശീയ അന്വേഷണ ഏജന്‍സി നഗരസഭയില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. ജയിലില്‍ കഴിയുന്ന പി.എഫ്.ഐ നേതാക്കളില്‍ നിന്നാണ് ഇയാള്‍ കണ്ണൂര്‍ ഭാഗത്തുണ്ടെന്ന വിവരം എന്‍.ഐ.എയ്ക്ക് ലഭിക്കുന്നത്. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളെല്ലാം ഇപ്പോള്‍ ജയിലില്‍ കഴിയുകയാണ്. നേരത്തെ ഇവരെയും എന്‍.ഐ.എ തന്നെയാണ്് പൊക്കിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ ഇയാള്‍ മട്ടന്നൂര്‍ ഭാഗത്ത് തന്നെ ഉണ്ടെന്നും എന്‍.ഐ.എയ്ക്ക ബോദ്ധ്യമായിരുന്നു. തുടര്‍ന്നാണ് ലോക്കല്‍ പോലിസില്‍ നേരത്തെ ഡപ്യൂട്ടേഷനിലുണ്ടായിരുന്ന ചില പോലീസുകാരുടെ സഹായത്തടെ ഇയാളെവിടെയാണെന്ന കണ്ടുപിടിക്കാന്‍ എന്‍.ഐ.എയ്ക്ക കഴിയുന്നത്. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ ഇയാളുടെ വാടക വീട് വളയുകയായിരുന്നു. നിരവധി തവണ വാതിലില്‍ മുട്ടിയ ശേഷമാണ് വാതില്‍ തുറന്നത്. സവാദിന്റെ ഭാര്യയാണ് ആദ്യം എഴുന്നേറ്റ് വാതില്‍ തുറന്നത്. എന്‍.ഐ.എ ആദ്യം ചെയ്തത് ഇയാളുടെ ശരീരത്തിന്റെ പിന്‍ഭാഗത്തുളള മുറിവടയാളം കണ്ടെത്തുകയായിരുന്നു. പ്രൊഫ. ജോസഫിന്റെ കൈവെട്ടുമ്പോള്‍ മറ്റ് പി.എഫ്.ഐക്കാരില്‍ നിന്ന് അബദ്ധത്തില്‍ ഇയാള്‍ക്ക് മുറിവേറ്റിരുന്നു എന്ന സൂചന എന്‍.ഐ.എയ്ക്ക് കിട്ടിയിരുന്നു. എന്നാല്‍ ഇത് മുള്ളുകൊണ്ട് മുറിഞ്ഞതാണെന്നാണ് സവാദ് പറഞ്ഞത്. താന്‍ സവാദ അല്ല ഷാജഹാനാണെന്നും അയാള്‍ പറയുന്നുണ്ടായിരുന്നു. പിന്നീട് അല്പ നേരത്തെ ചോദ്യം ചെയ്യലില്‍ തന്നെ താന്‍ സവാദ് ആണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു. ഉടന്‍ തന്നെ എന്‍.ഐ.എ ഇയാളെ കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കേസ് പ്രതിയെ പോലീസ് പൊക്കിയതാണെന്നാണ് നാട്ടുകാര്‍ ്ആദ്യം ധരിച്ചത്. പിന്നീടാണ് കേരളത്തെ ഞെട്ടിച്ച കൈവെട്ട് കേസിലെ മുഖ്യപ്രതിയാണ് തങ്ങളുടെ അയല്‍ക്കാരനായി കഴിഞ്ഞതെന്ന് നാട്ടുകാര്‍ക്ക് മനസ്സിലായത്.

എട്ടുവര്‍ഷം മുമ്പാണ് സവാദ് വിവാഹിതനായത്. കാസര്‍കോട് സ്വദേശിയാണ് ഭാര്യ. ഭാര്യ വീട്ടുകാര്‍ക്ക് ഇയാളുടെ തീവ്രവാദ ബന്ധം അറിയില്ലെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. വിശദമായ അന്വേഷണത്തിലൂടെയേ ഇക്കാര്യം പുറത്തുവരൂ. വാടക വീടുകളില്‍ മാറി മാറി താമസിച്ച ഇയാള്‍ കാസര്‍കോട് വീട് നിര്‍മ്മിച്ചതായി പറയുന്നുണ്ട്. ഏറ്റവും ഒടുവില്‍ താമസിച്ചുകൊണ്ടിരുന്നത് മട്ടന്നൂരില് ബേരത്തായിരുന്നു. അവിടെ നിന്ന് ഉടന്‍ മാറുമെന്ന സൂചനയും ഇയാള്‍ നല്‍കിയിരുന്നത്രെ.

പി.എഫ്.ഐയില്‍ നിന്നുളള ധനസഹായം വഴിയാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. പി.എഫ്.ഐ നിരോധിക്കപ്പെട്ടതോടെ ധനസഹായവും നിലച്ചു. അതോടെയാണ് ആശാരിപ്പണിക്ക് പോകാന്‍ തുടങ്ങിയത്. 2010ല്‍ പ്രൊഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടുമ്പോള്‍ മുവ്വാറ്റുപുഴയ്ക്കടുത്ത അശമന്നൂരില്‍ ഇയാള്‍ ഒരു ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്യുകയായിരുന്നു. 25 വയസ്സായിരുന്നു അന്നത്തെ പ്രായം.

Related posts:

Leave a Reply

Your email address will not be published.