60 വർഷത്തെ ചരിത്രം തിരുത്തി നാഗാലാൻഡ്; ആദ്യ വനിതാ മന്ത്രി സൽഹൗതുവാനോ ക്രൂസേ
1 min readകൊഹിമ : വനിതകൾക്ക് ഇടം നൽകാത്ത സർക്കാർ എന്നപേരുദോഷം തിരുത്തി നാഗാലാൻഡ്. നാഗാലാൻഡിലെ ആദ്യ വനിതാമന്ത്രിയായി സൽഹൗതുവാനോ ക്രൂസേ (56) അധികാരമേറ്റു. 12 അംഗമന്ത്രിസഭയിലെ ഏക വനിതാമന്ത്രിയാണ് ഇവർ.
വെസ്റ്റേൺ അംഗാമിയിൽ നിന്ന് 7വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ക്രൂസേ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് പതിറ്റാണ്ടായി വിവിധ ഏജൻസികളുടെ കീഴിൽ സാമൂഹ്യ പ്രവർത്തനം നടത്തി വരുന്നു ക്രൂസേ. ധൈര്യശാലികളും കഠിനാധ്വാനികളും ആയിരിക്കാൻ സ്ത്രീകളെ പ്രാപ്തമാക്കാൻ താൻ പരമാവധി ശ്രമിക്കും എന്ന് സത്യപ്രതിജ്ഞയ്ക്കുശേഷം ക്രൂസേ മാധ്യമങ്ങളോട് പറഞ്ഞു.
1963ലാണ് നാഗാലാൻഡിന് സംസ്ഥാനപദവി ലഭിക്കുന്നത്. 60 വർഷം പിന്നിട്ടു. ഇതിനിടയിൽ 12 നിയമസഭാ തെരഞ്ഞെടുപ്പുകളും കടന്നുപോയി. പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, വിവാഹപ്രായം, സാമ്പത്തിക സ്വാതന്ത്ര്യം എന്നീ കാര്യങ്ങളിൽദേശീയ ശരാശരിയേക്കാൾ മുന്നിലാണ് നാഗാലാൻഡ്. പക്ഷേ വനിതകളെ തെരഞ്ഞെടുക്കാൻ ജനങ്ങൾ വിമുഖത കാട്ടിയിരുന്നു.
ഒരു വനിതയ്ക്ക് സംസ്ഥാന നിയമസഭയിൽ പ്രവേശിക്കാൻ ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാൽ 2023 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഈ നാണക്കേടിന്റെ ചരിത്രം തിരുത്തി. രണ്ട് വനിതകളെ നിയമസഭയിൽ എത്തിച്ചാണ് നാഗാ ജനത ചരിത്ര രചന നടത്തിയത്. സൽഹൗതുവാനോ ക്രൂസേയും ഹെകാനി ജെകാലുവും നാഗാലാൻഡിലെ വനിതാ എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടു. എൻഡിപിപി അംഗങ്ങളാണ് ഇരുവരും.
നിയമസഭയിൽ വനിതകളുണ്ടായിരുന്നില്ലെങ്കിലും രണ്ട് വനിതാ എംപിമാർ നാഗാലാൻഡിൽ നിന്നുണ്ടായിരുന്നു. 1977ൽ സംസ്ഥാനത്തെ ഏകലോക്സഭാ സീറ്റിൽ വിജയിച്ച റാനോ എം ഷായിസ (യുഡിപി), രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ്.ഫാങ്‌നോൺ കൊന്യാക് (ബിജെപി) എന്നിവരാണ് അവർ.