സയീദ് അക്തർ മിർസ, കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റിയൂട്ട് ചെയർമാൻ

1 min read

തിരുവനന്തപുരം : കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ പുതിയ ചെയർമാനായി സയീദ് അക്തർ മിർസ നിയമിതനാകും. ഇൻസ്റ്റിറ്റിയൂട്ടിലെ വിവാദങ്ങളെ തുടർന്ന് ചെയർമാൻ പദവി രാജിവെച്ച അടൂർ ഗോപാലകൃഷ്ണന് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ക്ഷണം താൻ സന്തോഷപൂർവം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ ചില പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിന്റെ പേരിൽ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ആവില്ലല്ലോ എന്നായിരുന്നു സയീദ് അക്തർ മിർസയുടെ ആദ്യ പ്രതികരണം. കേരളത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും ദേശീയതലത്തിൽ പ്രാധാന്യമർഹിക്കുന്ന സ്ഥാപനമാണ് കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റിയൂട്ട്. ഇന്നുതന്നെ കോട്ടയത്തെത്തി ജീവനക്കാരുമായും വിദ്യാർത്ഥികളുമായും ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ സിനിമ-ടെലിവിഷൻ രംഗത്തെ അതികായൻമാരിൽ ഒരാളായ സയീദ് അക്തർ മിർസ പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ മുൻ ചെയർമാനാണ്. 80-90കളിൽ ഹിന്ദിയിൽ നിരവധി സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. 2021ലെകേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ കമ്മിറ്റി ജൂറി ചെയർമാനായിരുന്നു.
മിർസയുടെനേതൃത്വത്തിൽ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റിയൂട്ട് മികവിന്റെകേന്ദ്രമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി ബിന്ദു പറഞ്ഞു. പുതിയ ഡയറക്ടറെ പിന്നീട് തീരുമാനിക്കും. അതിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കും.

Related posts:

Leave a Reply

Your email address will not be published.