രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും കലഹം, സച്ചിൻ നിരാഹാരത്തിലേക്ക്
1 min readമുഖ്യമന്ത്രി പദമാണ് സച്ചിന്റെ ലക്ഷ്യം
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കേ രാജസ്ഥാൻ കോൺഗ്രസിൽ വീണ്ടും അടി പൊട്ടുന്നു. മുഖ്യമന്ത്രി ഗെലോട്ടിനെ വെല്ലുവിളിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ സച്ചിൻ പൈലറ്റ് നിരാഹാരപ്രഖ്യാപനവുമായി രംഗത്തു വന്നു. മുൻ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സച്ചിൻ നാളെ ഷഹീദ് സ്മാരകത്തിൽ നിരാഹാരത്തിനൊരുങ്ങുന്നത്.
വസുന്ധര രാജെ നേതൃത്വം നൽകിയിരുന്ന ബിജെപി സർക്കാരിന്റെ അഴിമതി അന്വേഷിക്കാൻ ഗെലോട്ട് തയ്യാറാകുന്നില്ല എന്നാണ് സച്ചിന്റെ ആരോപണം. 45,000 കോടി രൂപയുടെ ഖനി അഴിമതിക്കെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചായിരുന്നു 2018ൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നതെന്നും സച്ചിൻ ഓർമ്മിപ്പിക്കുന്നു. ബിജെപിക്കെതിരെ ഉടനടി അന്വേഷണം പ്രഖ്യാപിക്കണം എന്നാണ് സച്ചിന്റെ ആവശ്യം.
ബിജെപിക്കെതിരെ എന്ന് പറയുന്നുണ്ടെങ്കിലും സച്ചിൻ ഉന്നം വെയ്ക്കുന്നത് മുഖ്യമന്ത്രി ഗെലോട്ടിനെത്തന്നെയാണ്. ഇരുവരു തമ്മിലുണ്ടായ പ്രശ്‌നങ്ങൾ ഹൈക്കമാൻഡ് ഇടപെട്ടാണ് ഒതുക്കി തീർത്തത്. സച്ചിനു നൽകാൻ വാഗ്ദാനങ്ങൾ ഹൈക്കമാൻഡ് നിറവേറ്റിയില്ല എന്ന വികാരം അദ്ദേഹത്തിന്റെ അനുയായികൾക്കുണ്ട്. തെരഞ്ഞെടുപ്പ് അടുത്തതോടെ വിലപേശൽ നടത്താനാണ് സച്ചിൻ ഒരുങ്ങുന്നതെന്നാണ് സൂചന. മുഖ്യമന്ത്രി പദമാണ് സച്ചിന്റെ ലക്ഷ്യം. എന്നാൽ ഇത് അനുവദിച്ചു കൊടുക്കാൻ ഗെലോട്ടും അനുയായികളും തയ്യാറുമല്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള സച്ചിന്റെ ഈ നീക്കം അധികാരത്തുടർച്ചയെന്ന കോൺഗ്രസ് സ്വപ്‌നത്തിന് തടയിടുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.