ശബരിമല വിശേഷം: അയ്യപ്പനും വാവരുസ്വാമിയും
1 min readപന്തളം രാജാവിന്റെ കീഴിലുള്ള ആലപ്പുഴയിലെ തീരപ്രദേശങ്ങളില്‍ കടല്‍ വഴി കച്ചവടം നടത്താന്‍ രാജാവിന് കപ്പം കൊടുക്കണമായിരുന്നു. എന്നാല്‍ അറബിനാടുകളില്‍ നിന്നും വന്ന ചിലര്‍ അതിനു വിസമ്മതിച്ചു. വാവര് ആയിരുന്നു അതില്‍ പ്രമുഖന്. പന്തളം രാജാവിന്റെ അനുമതിയോടെ അയ്യപ്പന് വാവരെ എതിര്‍ത്തു തോല്പിച്ചു. അയ്യപ്പന്റെ ദൈവികത്വം തിരിച്ചറിഞ്ഞ വാവര് അദ്ദേഹത്തിന്റെ സന്തത സഹചാരിയായി ഒപ്പം കൂടി. പിന്നീടുള്ള യുദ്ധങ്ങളില്‍ വാവര് അയ്യപ്പനെ സഹായിച്ചിരുന്നുവത്രേ. അയ്യപ്പന് കുതിരപ്പുറത്തേറിയും വാവര് ആനപ്പുറത്തേറിയുമാണ് യുദ്ധം ചെയ്തിരുന്നതെന്ന് ശാസ്താംപാട്ടുകളില്‍ പറയുന്നു. കാലം കടന്നുപോയതോടെ അയ്യപ്പന്റെ കടുത്ത ആരാധകനായി മാറിയ വാവര് , വാവരുസ്വാമി എന്നറിയപ്പെട്ടു തുടങ്ങി. വാവരുസ്വാമിക്കു വേണ്ടി എരുമേലിയില്‍ പള്ളി പണിയാന്‍ അയ്യപ്പന് പന്തളം രാജാവിനോട് ആവശ്യപ്പെട്ടു എന്നാണ് ഐതിഹ്യം. ഇവിടെ ദര്‍ശനം നടത്തിയാണ് തീര്‍ത്ഥാടകര്‍ മല കയറുന്നത്. ശബരിമലയിലും ഒരു വാവരു ക്ഷേത്രമുണ്ട്. വാവരുടെ വാള് ഈ ക്ഷേത്രത്തിലാണ് സൂക്ഷിച്ചിരിക്കുന്നു. വാവര് കുടുംബത്തിലെ അംഗങ്ങളാണ് ഇവിടെ പരികര്‍മ്മികളായി എത്തുന്നത്. വാവരുനടയിലെ പ്രധാന വഴിപാട് കുരുമുളകാണ്.