ശബരിമല വിശേഷം: എരുമേലി പേട്ടതുള്ളൽ
1 min readശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി താളമേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ആനന്ദ നൃത്തമാണ് പേട്ടതുള്ളൽ.. മഹിഷി നിഗ്രഹത്തിന്റെ സ്മരണ പുതുക്കി, ധനു മാസം 27 ന് അയ്യപ്പഭക്തർ എരുമേലയിൽ പേട്ടതുള്ളുന്നു…. കന്നി അയ്യപ്പൻമാരാണ് ഇതിൽ പ്രധാനമായും പങ്കെടുക്കുന്നത്… പാണനിലകളും വിവിധ തരം ചായങ്ങളും വാരിപ്പൂശി, ശരക്കോലും കച്ചയും കെട്ടി, മഹിഷിയുടെ ചേതനയറ്റ ശരീരമെന്ന സങ്കൽപത്തിൽ തുണിയിൽ പച്ചക്കറി കെട്ടി കമ്പിൽ തൂക്കി തോളിലേറ്റി, സ്വാമി തിന്തകത്തോം അയപ്പ തിന്തകത്തോം പാടിയാണ് പേട്ട തുള്ളുന്നത്… അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുക… കൃഷ്ണ പരുന്ത് ആകാശത്ത് വട്ടമിട്ടു പറക്കുന്നതോടെ പേട്ടയിലെ കൊച്ചമ്പലത്തു നിന്ന് പേട്ട തുള്ളൽ ആരംഭിക്കും… തുള്ളൽ കാണാൻ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും വിഷ്ണു തന്റെ ഗരുഡ വാഹനത്തിൽ എത്തുമെന്നാണ് സങ്കൽപം. വാവരുടെ പ്രതിനിധിയേയും കണ്ട് അവർ മടങ്ങുന്നു.
ഉച്ചയ്ക്ക് ആലങ്ങാട് സംഘത്തിന്റെ പേട്ട തുള്ളൽ ആരംഭിക്കും… സൂര്യാസ്തമയത്തിനുമുമ്പ് ആകാശത്ത് ഒരു വെള്ളിനക്ഷത്രം മിന്നിത്തിളങ്ങുമെന്നാണ് വിശ്വാസം… വാവർ അയ്യപ്പനൊപ്പം യാത്രയായെന്ന വിശ്വാസ പ്രകാരം ആലങ്ങാട് സംഘം മസ്ജിദിൽ കയറാതെ പള്ളിയെ വണങ്ങി ആദരമർപ്പിക്കും…