ശബരിമല വിശേഷം: പരമ്പരാഗത വഴികള്‍
1 min readശബരിമലയില്‍ എത്താന്‍ എരുമേലി, വണ്ടിപ്പെരിയാര്‍, ചാലക്കയം എന്നിങ്ങനെ പല വഴികളുണ്ട്. .ഇതില്‍ പരമ്പരാഗത പാതയായി അറിയപ്പെടുന്നത് എരുമേലി വഴിയാണ്. ഈ പാതയിലൂടെയാണ് മഹിഷീ നിഗ്രഹത്തിനായി അയ്യപ്പന്‍ പുറപ്പെട്ടത്. എരുമേലിയിലെ ധര്‍മ്മശാസ്താവിനെയും വാവരുസ്വാമിയെയും വണങ്ങി യാത്ര തുടങ്ങുന്നു. 4 കിലോമീറ്റര്‍ കഴിയുമ്പോള്‍ പേരൂര്‍ തോട് എത്തും. അയ്യപ്പ സ്വാമി തന്റെ യാത്രയ്ക്കിടയില്‍ വിശ്രമിച്ച സ്ഥലമാണിത്. ശബരിമല കയറ്റത്തിന്റെ തുടക്കം എന്ന നിലയിലും ഈ സ്ഥലം പ്രാധാന്യമര്‍ഹിക്കുന്നു. പേരൂര്‍ തോടിന് അപ്പുറമുള്ള വനം അയ്യപ്പന്റെ പൂങ്കാവനമാണ്. പേരൂര്‍ തോട് കഴിഞ്ഞാല്‍ കാളകെട്ടിയാണ്. അയ്യപ്പന്‍ മഹിഷിയെ വധിക്കുന്നതിന് സാക്ഷിയായ ഭഗവാന്‍ ശിവന്‍ തന്റെ കാളയെ ഇവിടെ കെട്ടിയതായാണ് വിശ്വാസം. ഭക്തര്‍ ഇവിടുത്തെ ക്ഷേത്രത്തില്‍ കര്‍പ്പൂരദീപം തെളിയിച്ച് തേങ്ങയുടച്ച് പ്രാര്‍ത്ഥിക്കും. രണ്ടു കിലോമീറ്റര്‍ കഴിഞ്ഞാല്‍ പമ്പയുടെ പോഷക നദിയായ അഴുത, അഴുതയില്‍ നിന്ന് കല്ലുകള്‍ ശേഖരിച്ച ഭക്തര്‍ അത് കല്ലിടും കുന്നില്‍ നിക്ഷേപിക്കുന്നു. മഹിഷിയുടെ ശരീരാവശിഷ്ടങ്ങളെ പറപ്പിക്കുന്നതായി സങ്കല്‍പിച്ചാണ് ഈ കല്ലുകള്‍ എറിയുന്നത്.