ഈ വര്‍ഷത്തെ വയലാര്‍ പുരസ്‌കാരം എസ്.ഹരീഷ് രചിച്ച മീശ നോവലിന്

1 min read

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ മീശ എന്ന നോവലിന്. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന പുരസ്‌ക്കാരം വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരത്ത് സമ്മാനിക്കും. വിവാദങ്ങള്‍ മറികടക്കുന്ന അസാമാന്യ രചനാരീതിയാണ് നോവലെന്ന് ജുറി അംഗം സാറാ ജോസഫ് പ്രതികരിച്ചു.

മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്ന നോവല്‍ മൂന്നാം ലക്കത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളും വിവിധ സംഘടനകളുടെ എതിര്‍പ്പും മൂലം പിന്‍വലിച്ചിരുന്നു. പിന്നീടാണ് ഡിസി ബുക്ക്‌സ് പുസ്തകം പ്രസിദ്ധീകരിച്ചത്. നേരത്തെ കേരള സാഹിത്യ അക്കാഡമി പുരസ്‌ക്കാരവും ജെസിബി സാഹിത്യ പുരസ്‌ക്കാരവും മീശക്ക് ലഭിച്ചിരുന്നു.

നോവലിന്റെ പ്രസിദ്ധീകരണം വിലക്കണമെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് 2018 സെപ്തംബറില്‍ ഹര്‍ജി തള്ളിക്കളഞ്ഞു. ഏതെങ്കിലും ഒരു ഭാഗം വച്ചല്ല ഒരു കൃതിയെ വിലയിരുത്തേണ്ടതെന്നും, എഴുത്തുകാരന്റെ ഭാവനയെ തടയേണ്ടതില്ലെന്നും വിലയിരുത്തിയാണ് സുപ്രീംകോടതി പൊതുതാത്പര്യ ഹര്‍ജി തള്ളിയത്. വയലാറിന്റെ പേരിലുള്ള പുരസ്‌കാരം ലഭിക്കുന്നതില്‍ ഒരു പാട് സന്തോഷമുണ്ടെന്ന് ഹരീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Related posts:

Leave a Reply

Your email address will not be published.