‘ആദിപുരുഷ്’ 3ഡി ടീസറിന് വന്‍ പ്രതികരണം; ത്രില്ലടിപ്പിച്ചെന്ന് പ്രഭാസ്
1 min readസമീപകാലത്ത് ഒരു ടീസറിന് സിനിമാപ്രേമികളില്‍ നിന്ന് ഏറ്റവുമധികം പരിഹാസം ലഭിച്ചത് പ്രഭാസ് നായകനായ ആദിപുരുഷിന്റേത് ആയിരുന്നു. ബോളിവുഡില്‍ നിന്നെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം മിത്തോളജിക്കല്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രാമായണം പശ്ചാത്തലമാക്കുന്ന ചിത്രം 500 കോടി ബജറ്റിലാണ് നിര്‍മ്മിക്കപ്പെടുന്നത്. പുറത്തെത്തിയ ടീസറിന്റെ വിഷ്വല്‍ എഫക്റ്റ്‌സ് നിലവാരമില്ലാത്തതാണെന്നും ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍ നിന്ന് ഇതല്ല പ്രതീക്ഷിക്കുന്നത് എന്നുമായിരുന്നു കമന്റുകള്‍. എന്നാല്‍ 3ഡിയില്‍ തയ്യാറാക്കപ്പെടുന്ന ചിത്രം ബിഗ് സ്‌ക്രീനിനെ ഉദ്ദേശിച്ചുള്ളതാണെന്നും മൊബൈല്‍ സ്‌ക്രീനില്‍ കണ്ടാല്‍ അത് ആസ്വദിക്കാനാവില്ലെന്നുമായിരുന്നു സംവിധായകന്‍ ഓം റാവത്തിന്റെ പ്രതികരണം.
ഇപ്പോഴിതാ ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ 3ഡി ടീസര്‍ ലോഞ്ചിനു പിന്നാലെ അതിനെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുന്നത്. വ്യാഴാഴ്ചയായിരുന്നു ഹൈദരാബാദില്‍ 3ഡി ടീസര്‍ പ്രകാശനം നടന്നത്. പ്രഭാസ് ഉള്‍പ്പെടെയുള്ളവര്‍ പ്രദര്‍ശനം കാണാന്‍ എത്തിയിരുന്നു. ടീസര്‍ 3ഡിയില്‍ കണ്ട് താന്‍ ത്രില്ലടിച്ചുവെന്നാണ് പ്രഭാസിന്റെ പ്രതികരണം. ഞാന്‍ ബിഗ് സ്‌ക്രീനില്‍ എന്നെത്തന്നെ 3ഡിയില്‍ ആദ്യമായാണ് കാണുന്നത്. അതിനാല്‍ എന്നെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. ആ ദൃശ്യങ്ങള്‍, പ്രത്യേകിച്ച് മൃഗങ്ങളുടെ രംഗങ്ങള്‍.. എനിക്ക് വലിയ ത്രില്‍ ആണ് തോന്നിയത്.
ആരാധകര്‍ക്കുവേണ്ടി 60 തിയറ്ററുകളില്‍ 3ഡി ടീസര്‍ പ്രദര്‍ശിപ്പിക്കുമെന്നും പ്രഭാസ് അറിയിച്ചു. എല്ലാവര്‍ക്കും ടീസര്‍ ഇഷ്ടമാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഭാസ് ശ്രീരാമനാവുന്ന ചിത്രത്തില്‍ രാവണനാവുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. സീതയാവുന്നത് കൃതി സനോണും. ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ഐമാക്‌സ് 3ഡി ഫോര്‍മാറ്റിലും ചിത്രം ആസ്വദിക്കാനാവും. ജനുവരി 12 ന് ആണ് റിലീസ്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്!ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.