ഉദ്ഘാടനം കഴിഞ്ഞ് മരുമോൻ പോയി. പിന്നാലെ റോഡ് തകർന്നു

1 min read

തകർന്നത് മന്ത്രി മുഹമ്മദ് റിയാസ് ഒരു മാസം മുമ്പ് ഉദ്ഘാടനം ചെയ്ത കോൺക്രീറ്റ് റോഡ്

ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞതേയുള്ളൂ. റോഡ് തകർന്നു. മാറനല്ലൂർ പുന്നാവൂർ മലവിള പാലത്തിൽനിന്ന് ന‌െയ്യാർ കനാൽ ഭാഗത്തേക്ക് പോകുന്ന കോൺക്രീറ്റ് റോഡാണ് തകർന്നത്. പാലം തുടങ്ങുന്ന ഭാഗത്തുനിന്ന് ബണ്ട് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ 50 മീറ്ററോളം ഭാഗമാണ് ഇടിഞ്ഞത്. ജൂൺ ആറിനാണ് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ് പാലവും റോഡും ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ നിർമാണത്തിൽ അപാകത ആരോപിച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പാലത്തിനു കുഴപ്പമില്ലെന്നും പാലത്തിൽനിന്ന് ബണ്ട് ഭാഗത്തേക്ക് പോകുന്ന റോഡാണ് തകർന്നതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ജല അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടിയാണ് മണ്ണിടിഞ്ഞത്. വിഷയം ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും പഞ്ചായത്ത് അധികൃതർ ആരോപിക്കുന്നു. ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടായതോടെ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. നിർമാണ സമയത്ത് റോഡിന്റെ ഇരുവശത്തും ഓട നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. തലസ്ഥാന നഗരത്തെയും മലയോര മേഖലയെയും ബന്ധിപ്പിക്കുന്നതാണ് പാലം. വെള്ളറട, അമ്പൂരി പ്രദേശങ്ങളിലുള്ളവർക്ക് തലസ്ഥാനത്ത് എത്താൻ ഏഴു കിലോമീറ്റർ ലാഭിക്കാനാകും. 3.4 കോടി രൂപയാണ് നിർമാണ ചെലവ്. അശാസ്ത്രീയമായ നിർമ്മാണവും അഴിമതിയുമാണ് റോഡ് തകരാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

Related posts:

Leave a Reply

Your email address will not be published.