‘റി’ നാക്കിൽ കയറി; നരസിംഹം ഡയലോഗ് തെറിയായി, ഭീമൻ രഘു എയറിൽ
1 min readകുറേക്കാലമായി എയറിലാണ് നടൻ ഭീമൻ രഘു. ഡയലോഗിൽ സംഭവിച്ച നാക്കുപിഴ അദ്ദേഹത്തെ വീണ്ടും എയറിലാക്കിയിരിക്കുന്നു… ‘നരസിംഹം’ സിനിമയിലെ ഡയലോഗ് അവതരിപ്പിക്കുന്ന ഭീമൻ രഘുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി.. ഭീമൻ രഘു അസഭ്യം പറഞ്ഞു എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്. നരസിഹം സിനിമയിലെ ‘വരണം വരണം മിസ്റ്റർ ഇന്ദുചൂഡൻ’ എന്ന് തുടങ്ങുന്ന ഡയലോഗാണ് അദ്ദേഹം പറഞ്ഞത്. ”പാലക്കാട് വിക്‌ടോറിയ കോളേജ് മുതൽ കോട്ട മൈതാനം വരെ ഓടിച്ചിട്ടു തല്ലിയ” എന്ന ഭാഗം കഴിഞ്ഞ് വന്ന വാക്കിൽ ഒരു ‘റി’ അറിയാതെ കടന്നുകൂടി. ഭീമൻ രഘു അസഭ്യം പറഞ്ഞു എന്ന രീതിയിൽ വീഡിയോ വൈറലായി മാറാൻ അധിക സമയം വേണ്ടിവന്നില്ല.
അസഭ്യം പറഞ്ഞതല്ല, ഡയലോഗ് മുഴുവൻ സ്പീഡിൽ പറഞ്ഞു വന്നപ്പോൾ അറിയാതെ ഒരു ‘റി’ കടന്നുകൂടി എന്നാണ് ഭീമൻ രഘു പറയുന്നത്. അതൊരു നാക്കുപിഴയായി കണ്ടാൽ മതി. സിനിമയിൽ ആ വാക്ക് പകുതിയേ പറയുന്നുള്ളു. ഡയലോഗ് പറഞ്ഞു വന്നപ്പോൾ ആ വാക്ക് മുഴുവനായി വായിൽ നിന്നു വീണുപോയി. എന്റെ വീഡിയോ കണ്ട് ആർക്കെങ്കിലും വിഷമം തോന്നുന്നെങ്കിൽ ഞാൻ അവരോടെല്ലാം ക്ഷമ ചോദിക്കുന്നു എന്നാണ് ഭീമൻ രഘു പറയുന്നത്.