രേവതിയുടെ നാള്‍ വഴികളിലേക്ക്

1 min read

ഒരു കവര്‍ പേജിലൂടെ സൂപ്പര്‍ നായിക പദവി – രേവതി

1966 ജൂലൈ എട്ടിന് ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനായിരുന്ന മേജര്‍ കേളുണ്ണി നായരുടേയും ലളിതയുടേയും മകളായി ആശാ കേളുണ്ണി എന്ന രേവതി കൊച്ചിയില്‍ ജനിച്ചു. ഏഴാം വയസ് മുതല്‍ ഭരതനാട്യം അഭ്യസിച്ച രേവതി 1979ല്‍ ചെന്നൈയില്‍ അരങ്ങേറ്റം കുറിച്ചു. 83ല്‍ ചെന്നൈയില്‍ താമസിച്ചിരുന്ന കാലത്ത് നായികയെ അന്വേഷിച്ച് നടന്ന ഭാരതിരാജ രേവതിയെ കാണാനിടയായി. അദ്ദേഹത്തിന്റെ മണ്‍ വാസനൈ എന്ന ചിത്രത്തില്‍ നായികയായി വെള്ളിത്തിരയിലേക്ക് താരം തുടക്കം കുറിച്ചു. തുടര്‍ന്ന് നാല് ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളില്‍ ഇതുവരെ അഭിനയിച്ചു.

83ല്‍ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയാണ് രേവതിയുടെ അദ്യ മലയാളം ചിത്രം. 80 കളിലെ താരത്തിന്റെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ചിത്രം. ബാപ്പുവിന്റെ സംവിധാനത്തിലിറങ്ങി സീതമ്മ പെല്ലിയിലൂടെ ടോളിവുഡിലെത്തി. മഹേന്ദ്രന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായ കൈ കൊടുക്കും കൈ എന്ന തമിഴ് ചിത്രത്തില്‍ ബലാത്സംഗത്തെ അതിജീവിച്ച അന്ധയായ സീതയായി രേവതി എത്തി. അതേ വര്‍ഷം തന്നെ ആര്‍.സുന്ദര്‍രാജന്‍ സംവിധാനം ചെയ്ത വൈദേഹി കാത്തിരുന്തല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 86ല്‍ പുന്നഗൈ മന്നനിലൂടെ കമലഹാസന്റെ നായികയായി.

1988ല്‍ കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന മലയാള ചിത്രത്തിന് ആദ്യത്തെ മികച്ച നടിക്കുള്ള പുരസ്‌കാരവും കിഴക്ക് വാസല്‍ എന്ന തമിഴ് ചിത്രത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചു.

ഭരതന്‍ സംവിധാനം ചെയ്ത തേവര്‍മകന്‍ എന്ന സിനിമയിലെ അഭിനയത്തിന് 1992ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. റോളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ താരം ബഹുമുഖമായിരുന്നു. പലപ്പോഴും ശക്തമായ, ആപേക്ഷികമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മണിരത്‌നത്തിന്റെ മൗനരാഗം എന്ന ചിത്രത്തിലൂടെയാണ് രേവതിയുടെ പേര് ഉയര്‍ത്തിയത്.  ചിത്രത്തില്‍ സ്ത്രീയായി രൂപാന്തരപ്പെടുന്ന ദിവ്യ എന്ന ആത്മചൈതന്യവും ധീക്ഷണാശാലിയുമായ പെണ്‍കുട്ടിയെ അവതരിപ്പിച്ചു. പ്രിയദര്‍ശന്റെ കിലുക്കം എന്ന മലയാള ചിത്രത്തിലൂടെ മികച്ച പ്രകടനം രേവതി കാഴ്ചവച്ചു. നര്‍മത്തിന്റെ മാലപ്പടക്കവുമായി പ്രിയദര്‍ശന്‍ തിരശ്ശീലയിലേയ്ക്ക് ഇറക്കി വിട്ട നന്ദിനി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. 1991ല്‍ സല്‍മാന്‍ ഖാനൊപ്പം സുരേഷ് കൃഷ്ണയുടെ ലവ് എന്ന ചിത്രത്തിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചു.

2002ല്‍ പുറത്തിറങ്ങിയ മിത്ര് മൈ ഫ്രണ്ട് ആണ് രേവതിയുടെ ആദ്യ സംവിധാന ചിത്രം. ശോഭന, നാസര്‍ അബ്ദുള്ള എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തുടര്‍ന്ന് ഫിര്‍ മിലേഗ എന്ന ചിത്രം സംവിധാനം ചെയ്തു. 2022ല്‍ കജോളിനെ കേന്ദ്ര കഥാപാത്രമാക്കി രേവതി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് സലാം വെങ്കി. യഥാര്‍ത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം സുജാത എന്ന അമ്മയുടെ കഥയാണ് പറയുന്നത്.

മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ആറ് ഫിലിം ഫെയര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ രേവതിക്ക് ലഭിച്ചിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.