കർണാടകത്തിലെ സംവരണം എടുത്തു കളഞ്ഞത് ശരിയോ?
1 min readഇന്ത്യയിൽ സംവരണം ഒരു പ്രശ്ന പരിഹാരവും അതോടൊപ്പം ഒരു വില്ലനുമാണ്. സംവരണത്തിന്റെ പേരിലാണ് രാഷ്ട്രീയ തർക്കങ്ങളും വിവാദങ്ങളും സമരകോലാഹലങ്ങളും ഉണ്ടാകുന്നത്. സംവരണം അതോടൊപ്പം ഒരു തിരഞ്ഞെടുപ്പ് വിഷയവുമാണ്. കർണാടകത്തിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുസ്ലിങ്ങൾക്കുണ്ടായ സംവരണം എടുത്തുകളഞ്ഞതും സാമ്പത്തികമായി പിന്നിൽ നില്ക്കുന്നവർക്കുള്ള സംവരണ പട്ടികയിൽ മുസ്ലിങ്ങളെ പെടുത്തിയതുമാണ് പുതിയ തർക്ക വിഷയം. നാലു ശതമാനം സംവരണമാണ് ഇതുവരെ മുസ്ലിങ്ങൾക്കുണ്ടായിരുന്നത്. ഒ.ബി.സി സംവരണത്തിനോടൊപ്പം 2 ബി കാറ്റഗറിയിൽ പെടുത്തിയാണ് മുസ്ലിങ്ങൾക്ക് നാല് ശതമാനം സംവരണം നല്കിയത്. ഇത് എടുത്തു കളഞ്ഞ് രണ്ടു ശതമാനം വീതം വൊക്കലിംഗ സമുദായത്തിനും ലിംഗായത്ത് സമുദായത്തിനും നൽകും. ഇതിലുടെ വൊക്ക ലിംഗയുടെ സംവരണം നാലിൽ നിന്ന് ആറായും ലിംഗായത്തിന്റേത് അഞ്ചിൽ നിന്ന് ഏഴായും ഉയരും. തങ്ങളുടെ സംവരണം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ലിംഗായത്തിലെ പഞ്ചമ ശാലി സമുദായം മാസങ്ങളായി സമരത്തിലായിരുന്നു.
കർണാടകത്തിൽ ലിംഗായത്തുകൾ 15 ശതമാനത്തോളം വരും. വൊക്കലിംഗ ആകട്ടെ 11 ശതമാനവും. ലിംഗായത്തിലെ നല്ലൊരു ശതമാനം ബി.ജെ.പിയോടൊപ്പമാണ്. എന്നാൽ വൊക്കിലംഗയിൽ അത്രത്തോളം ബി.ജെ.പി സ്വാധീനം പ്രകടമല്ല.
2011ലെ സെൻസസ് പ്രകാരം മുസ്ലിങ്ങൾ 13 ശതമാനത്തോളമുണ്ട് കർണാടകത്തിൽ. അതിപ്പോൾ 20 ശതമാനം കടന്നിരിക്കണം. രാജ്യത്തെല്ലായിടത്തും മുസ്ലിം ജനസംഖ്യയിൽ ഇങ്ങനെ കാര്യമായ വളർച്ച കാണാം. കർണാടകത്തിലും അത് വിഭിന്നമല്ല
എന്നാൽ ഇവിടെ പ്രശ്നം അതല്ല. കേവലം തിരഞ്ഞെടുപ്പ് വച്ച് പരിഹരിക്കേണ്ട ഒരു പ്രശ്നമണോ സംവരണം.
എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് വച്ചാണ് കളിക്കുന്നത്. സംവരണം ഭരണഘടനാ പരമായ ഒരു അവകാശമാണ്. നൂറ്റാണ്ടുകളുായി സമൂഹത്തിന്റെ പിൻ നിരയിൽ തള്ളപ്പെട്ടിരുന്നവരുടെ സാമൂഹ്യവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥ മാറ്റാനുള്ള ഉപാധികളിലൊന്നായാണ് സംവരണത്തെ കണക്കാക്കിയിരുന്നത്. അത് തികച്ചും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർക്കാണ്. മതപരമായ അടിസ്ഥാനത്തിലല്ല സംവരണം നൽകുന്നത്. നല്‌കേണ്ടതും. എന്നാൽ വോട്ട ്പരിഗണന വച്ച് പലർക്കും മതപരമായി സംവരണം നൽകുന്നുണ്ട്. ഹിന്ദു സമൂഹത്തിലാണ് ജാതീയമായ അയിത്തവും അനാചാരവുമുണ്ടായിരുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കാനും ക്ഷേത്ര വഴിയിലൂടെ സഞ്ചരിക്കാനും ഹിന്ദു സമൂഹത്തിലെ പിന്നാക്കക്കാരന് മാത്രമേ ബുദ്ധിമുട്ടുണ്ടായിരുന്നുള്ളൂ. എന്ന് അവൻ മതം വിട്ട് കൃസ്ത്യാനിയോ മുസ്ലിമോ ആയോ അന്നു മുതൽ അവന് എല്ലാ പരിഗണനയും കിട്ടിയിരുന്നു. അല്ലെങ്കിലും മുസ്ലിമും കൃസ്ത്യാനിയും ആയതുകൊണ്ട് ഇവിടെ ആർക്കും ഒന്നും നിഷേധിക്കപ്പെട്ടിട്ടില്ലല്ലോ. മതം മാറിയ പട്ടികജാതിക്കാരന് നല്ല വിദ്യാഭ്യാസം കിട്ടി. ജോലിയും കിട്ടി. പണവും കിട്ടി. ഇത് വെറുതെ പറയുന്നതാണോ. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഈയിടെ നടത്തിയ പഠനത്തിലും ഇത് വ്യക്തമായിരുന്നു.
മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണ്. അത് യഥാർത്ഥ സംവരണ വിഭാഗങ്ങളുടെ സംവരണം തട്ടിപ്പറിക്കാൻ മാത്രമേ ഉതകൂ. മത രാഷട്രീയ ശക്തികളുടെ കൈയ്യൂക്ക് കൊണ്ടാണ് കേരളത്തിൽ മതവിഭാഗങ്ങൾക്ക് സംവരണം ലഭിച്ചത്. കേരളത്തിലെ 90 ശതമാനം മുസ്ലിം വിഭാഗത്തിലും ഒ.ബിസി സംവരണമുണ്ട്. ഇത് പിന്നാക്കക്കാരുടെ സംവരണവും വളരാനുളള അവസരവും നിഷേധിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. കൃസ്ത്യാനികളിൽ ചിലർക്കും സംവരണമുണ്ട്. ഇതും ഭരണഘടനാ വിരുദ്ധമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിന് പിന്നിൽ.
കർണാടകത്തിന്റെ മാതൃക കേരളവും ഉടൻ പിന്തുടരണം. സാമൂഹ്യ പിന്നാക്കാവസ്ഥയുടെ പേരിലുള്ള സംവരണം ഹിന്ദുവിഭാഗങ്ങൾക്ക് മാത്രമേ നല്കാവൂ. ഇനി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നല്കുന്ന സംവരണത്തിൽ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഈ മതവിഭാഗങ്ങളിലുൾപ്പെടുന്നവരെയും ഉൾപ്പെടുത്താം.