നടി ഹന്‍സിക മൊത്വാനിക്ക്
450 വര്‍ഷം പഴക്കമുള്ള
കൊട്ടാരത്തില്‍ വിവാഹം
1 min read
തെന്നിന്ത്യന്‍ താര സുന്ദരി ഹന്‍സിക മോട്വാനി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറില്‍ ആകും വിവാഹമെന്നും ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വച്ചാകും ചടങ്ങുകള്‍ നടക്കുകയെന്നും ബോളിവുഡ് ലൈഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വരനെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. ജയ്പൂര്‍ കൊട്ടാരത്തില്‍ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നടിയുടെയോ ബന്ധുക്കളുടെയോ ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല.
ഇക്കഴിഞ്ഞ ജൂലൈയില്‍ തന്റെ 50ാമത്തെ ചിത്രം ‘മഹാ’യുടെ റിലീസുമായി ബന്ധപ്പെട്ട് ഹന്‍സിക പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. പ്രിയപ്പെട്ട ആരാധകരില്ലെങ്കില്‍ തന്റെ കുടുംബം അപൂര്‍ണമാണെന്നും സിനിമയാണ് തനിക്കെല്ലാമെന്നും ഹന്‍സിക കുറിച്ചിരുന്നു. 50 സിനിമ പൂര്‍ത്തിയാക്കുക എന്നത് ഒരു നടിയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. പ്രേക്ഷകര്‍ നല്കിയ സ്നേഹമാണ് ഈ നാഴികക്കല്ല് പിന്നിടാന്‍ തുണയായതെന്നും ഹന്‍സിക പറഞ്ഞിരുന്നു.
തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതില്‍ നായകനായി അഭിനയിച്ചത് അല്ലു അര്ജുന് ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂര്‍ എന്ന ചിത്രത്തിലാണ്. 2008 ല്‍ കന്നടയിലും നായിക വേഷത്തില്‍ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മില്‍ ഗയയിലും ഹന്‍സിക അഭിനയിച്ചിരുന്നു. തമിഴ് സിനിമ റൗഡി ബേബിയാണ് ഹന്‍സികയുടെ അടുത്ത പ്രോജക്റ്റ്.
ഹന്‍സിക ജനിച്ചത് മുംബൈയിലാണ്. അവിടെ തന്നെ ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസവും. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകള്‍ കൈകാര്യം ചെയ്യാനറിയാവുന്ന നടി കൂടിയാണ് ഹന്‍സിക. ബിസ്സിനസ്സുകാരനാണ് പിതാവ് പ്രദീപ് മോട്വാനി, മാതാവ് മോന മോട്വാനി ഡെര്‍മറ്റോളജിസ്റ്റുമാണ്.