ഗുണനിലവാരമില്ലാത്ത പൂജാസാധനങ്ങൾ; ഹൈക്കോടതിയോട് തീരുമാനമെടുക്കാനാവശ്യപ്പെട്ട് സുപ്രീംകോടതി
1 min readന്യൂഡൽഹി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഗുണനിലവാരമില്ലാത്ത പൂജാ സാധനങ്ങൾ ഉപയോഗിക്കുന്നു എന്ന ജസ്റ്റിസ് കെ.ടി.ശങ്കരന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. റിപ്പോർട്ടിൻമേൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് തുടർ നടപടി സ്വികരിക്കുമെന്നും വ്യക്തമാക്കിയ സുപ്രീംകോടതി ക്ഷേത്രങ്ങളിലേക്ക് പൂജാസാധനങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കി.
ജസ്റ്റിസ് കെ.ടി.ശങ്കരന്റെ റിപ്പോർട്ട് ഹൈക്കോടതിയുടെ ഡിവിഷൻ ദേവസ്വം ബെഞ്ചിന് വിടണമെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡിനുവേണ്ടി ഹാജരായ അഭിഭാഷകർ വി.ഗിരിയും പി.എസ്.സുധീറും ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിൽ ഉള്ള സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചു.
സുരേഷ്‌കുമാർ അയച്ച കത്ത് പൊതുതാത്പര്യ ഹർജിയായ പരിഗണിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള 1200ഓളം ക്ഷേത്രങ്ങളിൽ പൂജാസാധനങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ബോർഡ് നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗുണമേൻമ ഉറപ്പു വരുത്തുന്ന പൂജാസാധനങ്ങൾ വാങ്ങുന്നതു സംബന്ധച്ച് മാർഗരേഖ തയ്യാറാക്കാൻ ജസ്റ്റിസ് കെ.ടി.ശങ്കരനെ ചുമതലപ്പെടുത്തിയത്.
കോവിഡ് പ്രതിസന്ധിക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ 100ലധികം ക്ഷേത്രങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയതിന് സുപ്രീംകോടതി ജസ്റ്റിസ് കെ.ടി.ശങ്കരനോട് നന്ദി രേഖപ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ ഗ്രാമീണമേഖലയിലെ ക്ഷേത്രങ്ങൾ പോലും അദ്ദേഹം സന്ദർശിച്ചിരുന്നു. പലായനം കാരണം ജനങ്ങളില്ലാത്തതിനാൽ അടഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ, എല്ലാവരും പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപോകുമ്പോൾ ദൈവങ്ങളും പോകുന്നുവെന്ന് ജസ്റ്റിസ് രാമസുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു.