ആർഡിഎക്‌സ് ഓണം, ആർപ്പോ … ഇർറോ… ഇർറോ….
1 min readഓണം പിള്ളേർ ഇടിച്ചു നേടി
പ്രഖ്യാപനവേള മുതൽ ശ്രദ്ധ നേടിയ സിനിമയായിരുന്നു ആർഡിഎക്‌സ്. പേരിലെ കൗതുകമായിരുന്നു ആദ്യം. റോബർട്ട്, ഡോണി, സേവ്യർ എന്നീ മൂന്ന് സുഹൃത്തുക്കൾ. അവരുടെ പേരിലെ ആദ്യക്ഷരം ചേർത്ത് സിനിമാ ടൈറ്റിൽ – ആർഡിഎക്‌സ്. നായകൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയാണ് പിന്നീട് ഈ സിനിമ ശ്രദ്ധ നേടുന്നത്. ഈ വിവാദം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. മലയാളസിനിമയിലെ മയന്നുമരുന്ന് ലോബിയും നടന്മാരുടെ അച്ചടക്കമില്ലാത്ത പെരുമാറ്റവുമെല്ലാം ചർച്ചാവിഷയമായി. ചിലരെ വിലക്കുന്നതുവരെയെത്തി കാര്യങ്ങൾ. അതുകൊണ്ടു തന്നെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.
ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നീ യുവതാരങ്ങൾ തകർത്താടിയിട്ടുണ്ട് ആർഡിഎക്‌സിൽ. മികച്ചൊരു കാഴ്ച തന്നെയാണ് സിനിമ സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. വലിയ ഹൈപ്പൊന്നും ഇല്ലാതിരുന്നിട്ടുകൂടി യുവതലമുറ ഈ സിനിമയെ ഏറ്റുപിടിച്ചു. ഈ അവസരത്തിൽ ഷെയ്ൻ നിഗം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
ആർഡിഎക്‌സ് ഓണം, ആർപ്പോ … ഇർറോ… ഇർറോ…. ഇർറോ…. എന്നാണ് ഷെയ്ൻ കുറിച്ചത്. ഈ ഓണം ആർഡിഎക്‌സ് കൊണ്ടുപോയെന്ന് ഭൂരിഭാഗം പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
പല കമന്റുകളും ശ്രദ്ധേയമാണ്.
ഇത് മലയാളത്തിലെ മറ്റൊരു തല്ലുമാല, ഓണം പിള്ളേര് ഇടിച്ച് നേടി, യൂത്ത് സ്റ്റാർസ് മൂന്നുംപേരും ഒപ്പം മലയാളത്തിലെ എക്കാലത്തെയും ആക്ഷൻ കിങ് ബാബു ആന്റണിയും — ഇങ്ങനെ പോകുന്നു കമന്റുകൾ. അന്യഭാഷാചിത്രങ്ങളോട് കിടപിടിക്കുന്ന ആക്ഷൻ ത്രില്ലർ ആണ് ആർഡിഎക്‌സ് എന്ന് കണ്ടവർ ഒന്നടങ്കം പറയുന്നു.