ബേസിലുമൊത്തുള്ള ചിത്രം പങ്കുവെച്ച് രവി വര്മ്മന്; കമെന്റുമായി രണ്‍വീര്‍!
1 min readവരുന്നത് ‘ശക്തിമാന്’ എന്ന് ആരാധകര്‍
സംവിധായകനും നടനുമായ ബേസില്‍ ജോസഫുമൊത്തുള്ള ചിത്രം പങ്കുവെച്ച് പ്രമുഖ ഛായാഗ്രാഹകന്‍ രവി വര്മ്മന്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് കമെന്റുമായി ബോളിവുഡ് താരം രണ്‍വീര്‍ സിങ് എത്തിയതോടെ ആവേശത്തിലായിരിക്കുകയാണ് ആരാധകര്‍. മൂവരും ഒന്നിച്ച് ഒരു ചിത്രം വരുന്നുണ്ടോയെന്നായി ചര്‍ച്ചകള്‍.
സൂപ്പര്‍ഹീറോ ചിത്രമായ ശക്തിമാന് വേണ്ടിയുള്ള കൂടിക്കാഴ്ചയാണോ ഇതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തൊണ്ണൂറുകളിലെ ഹിറ്റ് ടെലിവിഷന്‍ പരമ്പരയായ ശക്തിമാന് ബിഗ് സ്ക്രീനിലേക്ക് വീണ്ടുമെത്തുന്നു എന്ന ചര്‍ച്ചകള്‍ തുടങ്ങിയതോടെ സംവിധാനം ചെയ്യുന്നത് ബേസില്‍ ജോസഫ് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മിന്നല്‍ മുരളിയിലൂടെ മലയാളികളുടെ സ്വന്തം സൂപ്പര്‍ ഹീറോയെ അവതരിപ്പിച്ച സംവിധായകനാണ് ബേസില്‍.
സോണി പിക്ചേഴ്സ് ഇന്ത്യയായിരുന്നു ശക്തിമാന് വീണ്ടും വരുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തിന്റെ സംവിധായകന്, അഭിനേതാക്കള്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ തുടങ്ങിയ വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ രണ്‍വീര്‍ സിങ് ടൈറ്റില്‍ റോളില്‍ എത്തുമെന്നും ബേസില്‍ ജോസഫ് ചിത്രം സംവിധാനം ചെയ്യുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ശക്തമാണ്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാനില്‍ മുകേഷ് ഖന്നയായിരുന്നു നായകന്. 450 എപ്പിസോഡുകളായി പുറത്തിറങ്ങിയ ശക്തിമാന് വന്‍ വിജയമായിരുന്നു.
ശക്തിമാന് വന്‍ ബജറ്റിലൊരുങ്ങുമെന്ന് മുകേഷ് ഖന്ന പറഞ്ഞിരുന്നു. 200 മുതല്‍ 300 കോടി വരെയായിരിക്കും ട്രിലോജിയിലെ ഒരു ചിത്രത്തിന്റെ ചിലവ് വരുകയെന്ന് മുകേഷ് ഖന്ന സൂചിപ്പിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ചിത്രമായിരിക്കും ശക്തിമാന് എന്നും സോണി പിക്ചേര്‍സ് ആയിരിക്കും നിര്‍മിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.