മൂന്നാറിൽ സി.പി.എം ഓഫീസിന്റെ പട്ടയം റദ്ദാക്കി, പട്ടയം എം.എം.മണി എംഎൽഎയുടെ പേരിലുള്ളത്
1 min read
മൂന്നാർ : സിപിഎമ്മിന്റെ മൂന്നാർ ഏരിയ കമ്മിറ്റി ഓഫീസ് സ്ഥിതി ചെയ്യുന്ന 15 സെന്റ് സ്ഥലത്തിന്റെ പട്ടയം കലക്ടർ ഷീബ ജോർജ് റദ്ദാക്കി. മുൻ ഡെപ്യൂട്ടി തഹസിൽദാർ എം.ഐ.രവീന്ദ്രൻ വിതരണം ചെയ്ത പട്ടയമാണ് റദ്ദാക്കിയത്. സിപിഎം നേതാവും എംഎൽഎയുമായ എം.എം.മണിയുടെ പേരിലുള്ളതാണ് പട്ടയം. ഈ ഭൂമിയിലുള്ള ബഹുനില കെട്ടിടത്തിൽ പാർട്ടി ഓഫീസും റിസോർട്ടുമാണ് പ്രവർത്തിക്കുന്നത്.
ദേവകുളം ഡെപ്യൂട്ടി തഹസിൽദാരായിരുന്ന എം.ഐ.രവീന്ദ്രൻ 1999ൽ ദേവികുളം താലൂക്കിൽ വിതരണം ചെയ്ത 559 പട്ടയങ്ങൾ രവീന്ദ്രൻ പട്ടയം എന്നാണ് അറിയപ്പെടുന്നത്. അനധികൃതമായാണ് ഈ പട്ടയങ്ങൾ വിതരണം ചെയ്തത് എന്നുള്ള ആക്ഷേപത്തെ തുടർന്ന് ഇവയെല്ലാം റദ്ദ് ചെയ്ത്, അർഹതപ്പെട്ടവർക്ക് പുതിയ പട്ടയം വിതരണം ചെയ്യാൻ ഒരു വർഷം മുമ്പ് സർക്കാർ ഉത്തരവിട്ടിരുന്നു. തെളിവെടുപ്പിനായി എം.എം.മണി കലക്ടറുടെ മുമ്പിൽ ഹാജരായിരുന്നു. വീടുവെച്ചു താമസിക്കുന്ന ഭൂമിയുടെ പട്ടയം പുതുക്കി നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ എം.എം.മണിയുടേത് പാർട്ടി ഓഫീസും റിസോർട്ടുമാണ്
ഇക്കാനഗറിലെ ഈ സ്ഥലം സർക്കാർ ഭൂമിയാണ്. വീടുവെക്കാനും കൃഷി ചെയ്യാനുമാണ് എം.എം.മണിക്ക് പട്ടയം നൽകിയത്. ഇവിടെ സിപിഎം കെട്ടിടം നിർമ്മിക്കുകയായിരുന്നു. താഴത്തെ നിലയിലാണ് പാർട്ടി ഓഫീസ്. മുകളിലുള്ള നാലുനിലകൾ റിസോർട്ടിനു വേണ്ടി വാടകയ്ക്ക് നൽകിയിരിക്കുകയാണ്.