അടിയന്തിരപ്രമേയാനുമതി നിഷേധിക്കുന്നതിൽ റെക്കോർഡിട്ട് ഷംസീർ; സഭാചരിത്രം ചൂണ്ടിക്കാട്ടി ചെന്നിത്തലയുടെ കത്ത്

1 min read

തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി. കേരള പിറവിക്ക്‌ ശേഷമുള്ള അടിയന്തിര പ്രമേയങ്ങളുടെയും അവ നിരാകരിച്ചതിന്റെയും ചർച്ച ചെയ്തതിന്റെയും കണക്കുകൾ നിരത്തിയാണ് സ്പീക്കർക്ക് രമേശ് ചെന്നിത്തല കത്ത് നൽകിയിരിക്കുന്നത്.
പ്രതിപക്ഷത്തിന്റെ ആറ് അടിയന്തിര പ്രമേയങ്ങൾ ഒരു സമ്മേളനത്തിൽ തന്നെ മാനദണ്ഡങ്ങൾ പാലിക്കാതെ സ്പീക്കർ തള്ളിയത് സഭാചരിത്രത്തിൽ ആദ്യമാണ്. 234 ദിവസം നിയമസഭ സമ്മേളിച്ച ഉമ്മൻചാണ്ടിയുടെ കാലത്ത് 191 അടിയന്തിര പ്രമേയങ്ങളിൽ അംഗങ്ങളെകേൾക്കാതെ തള്ളിയത് ഏഴ് എണ്ണം മാത്രമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 174 പ്രമേയങ്ങളിൽ തള്ളിയത് എട്ടെണ്ണം മാത്രം. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് എട്ട് സമ്മേളനങ്ങൾ, 110 ദിവസം, തള്ളിയത് 11 പ്രമേയങ്ങൾ. അവയിൽ ആറ് പ്രമേയങ്ങളും എട്ടാം സമ്മേളനത്തിലാണ് തള്ളിയത്. ഇത് സഭാചരിത്രത്തിൽ ആദ്യമായാണെന്നും ഇവ തള്ളിയത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും ഒരു മാനദണ്ഡവും പാലിക്കപ്പെട്ടില്ലെന്നത് സഭയ്ക്ക് തന്നെ നാണക്കേടാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
സ്പീക്കർ സർക്കാരിന്റെ വക്താവായി മാത്രം ചുരുങ്ങരുത്. 2011-16ലെ യുഡിഎഫ് കാലത്ത് അടിയന്തിര പ്രമേയങ്ങളോട് കാട്ടിയ മാനദണ്ഡമെങ്കിലും പാലിക്കണം.
എക്സിക്യൂട്ടീവിന് നിയമസഭയോടുള്ള അക്കൗണ്ടബിലിറ്റി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധികളിൽ ഒന്നാണ് അടിയന്തിര പ്രമേയം. അത് പ്രതിപക്ഷത്തിന്റെ സുപ്രധാന അവകാശങ്ങളിൽ ഒന്നാണെന്ന കാര്യം സ്പീക്കർ മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കേരളപിറവിക്ക്‌ശേഷം 1200 അടിയന്തിര പ്രമേയങ്ങളിൽ 32 എണ്ണമാണ് സഭ ചർച്ചയ്‌ക്കെടുത്തത്. അംഗങ്ങൾക്ക് സംസാരിക്കാൻ അവസരം നൽകാതെ നിഷേധിച്ചത് നാമമാത്രമാണെന്നത് ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ അടിയന്തിര പ്രമേയങ്ങൾ അംഗങ്ങൾക്ക് സംസാരിക്കാൻപോലും അനുമതിയില്ലാതെ തള്ളിയതിന്റെ റിക്കോർഡ് ഇനി ഷംസീറിനു മാത്രം സ്വന്തമെന്ന് രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

Related posts:

Leave a Reply

Your email address will not be published.