മമ്മൂട്ടിയുടെ വാശിയിൽ പിറന്ന രാക്ഷസരാജാവ്

1 min read

രാക്ഷസരാജാവിന്റെ ത്രെഡ് ആലുവ കൊലക്കേസിൽനിന്ന്

വിനയൻ-മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന രണ്ടാമത്തെ സിനിമയാണ് രാക്ഷസരാജാവ്. 2001ൽ റിലീസ് ചെയ്ത ചിത്രത്തിന്റെ സംവിധാനം മാത്രമല്ല രചനയും വിനയന്റേതായിരുന്നു.. ദിലീപ്, കാവ്യാമാധവൻ, മീന, മന്യ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ, സായ്കുമാർ, ക്യാപ്റ്റൻ രാജു, രാജൻ പി ദേവ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, സ്ഫടികം ജോർജ്, വിജയകുമാർ, സുകുമാരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിനു വേണ്ടി അണിനിരന്നത്. കേരള മനസ്സാക്ഷിയെ നടുക്കിയ ആലുവ കൂട്ടക്കൊലയും അതിന്റെ അന്വേഷണവുമൊക്കെയാണ് രാക്ഷസരാജാവ് എന്ന സിനിമയുടെ പിറവിക്കു കാരണമായത് എന്ന് വിനയൻ തന്നെ വ്യക്തമാക്കിയിരുന്നു.

വിനയന്റെ തന്നെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം ദാദാസാഹിബ് റിലീസ് ചെയ്ത് 4 മാസം കഴിഞ്ഞ ഉടനെയാണ് രാക്ഷസരാജാവ് ചെയ്യാൻ തീരുമാനിക്കുന്നത്. കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് അവസാനഘട്ടത്തിലെത്തിയതേയുള്ളൂ. പെട്ടെന്ന് വിനയന് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടിവന്നു. സത്യത്തിൽ അടുത്ത ചിത്രം പ്ലാൻ ചെയ്തിരുന്നത് വാസന്തിയുടെ തമിഴ് പതിപ്പായ കാശിയായിരുന്നു. അത് നീട്ടിവെച്ചാണ് രാക്ഷസരാജാവ് ചെയ്തത്.
മമ്മൂട്ടിയുടെ വാശിയിൽ നിന്നാണ് രാക്ഷസരാജാവിന്റെ പിറവി എന്ന് വിനയൻ തന്നെ പറയുന്നു. ദാദാസാഹിബിനു ശേഷം മമ്മൂട്ടി ചെയ്യാനിരുന്നത് ഷാജി കൈലാസിന്റെ പടമായിരുന്നു. ഓണം റിലീസായിട്ടാണ് ചിത്രം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ മോഹൻലാലിന്റെ ഡേറ്റ് വന്നപ്പോൾ ഷാജി കൈലാസ് അങ്ങോട്ടുമാറി. ഓണത്തിനിറങ്ങാൻ മമ്മൂട്ടിയുടെ സിനിമയില്ല എന്ന സാഹചര്യം വന്നു.

മമ്മൂട്ടിക്ക് ദേഷ്യമായി. അദ്ദേഹം വിനയനോട് ചോദിച്ചു. ”അടുത്ത പടം ചെയ്യാൻ പറ്റുമോ”? വിനയനാണെങ്കിൽ കരുമാടിക്കുട്ടൻ ചെയ്തുകൊണ്ടിരിക്കുകയാണ്. ”എന്റെ കയ്യിൽ ഇപ്പോൾ കഥയൊന്നുമില്ല”, വിനയൻ പറഞ്ഞു. ”താനൊന്നു ചിന്തിച്ചാൽ കഥയുണ്ടാകും” എന്ന് മമ്മൂട്ടിയും. മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോൾ വിനയനും വാശിയായി. അന്ന് വിനയൻ മദ്രാസിലെ ആദിത്യ ഹോട്ടലിലാണ് താമസിക്കുന്നത്. രണ്ടു ദിവസത്തിനകം സബ്ജക്ട് പറയാമെന്ന് അറിയിച്ചപ്പോൾ മമ്മൂട്ടി അമ്പരന്നു പോയി. വെറും രണ്ടു ദിവസമോ? രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിനയൻ മമ്മൂട്ടിയെ ചെന്നു കണ്ട് രാക്ഷസരാജാവിന്റെ കഥ പറഞ്ഞു. കേട്ടപ്പോൾ ത്രില്ലിലായി മമ്മൂട്ടിയും.

കരുമാടിക്കുട്ടന്റെ തിരക്കിനിടയിൽ പുതിയൊരു സബ്ജക്റ്റ് കണ്ടെത്തുക എന്നത് വിനയന് വലിയൊരു വെല്ലുവിളി ആയിരുന്നു. കേരളത്തെ പ്രകമ്പനം കൊള്ളിച്ച ആലുവ കൊലക്കേസും അതിന്റെ അന്വേഷണവുമൊക്കെ വാർത്തയായി നാട്ടിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത്. പെട്ടെന്നൊരു സിനിമ ചെയ്യാൻ ആ കൊലക്കേസിൽ നിന്നു തന്നെ ത്രെഡ് കണ്ടെത്തി വിനയൻ. ആ കേസിലെ പ്രതിയായ ആന്റണിയോടു സാമ്യമുള്ള ഒരു കഥാപാത്രത്തെ അന്നവതരിപ്പിച്ചത് ഇന്ദ്രൻസാണ്. ഷൂട്ടിംഗിനു മുൻപ് തിരക്കഥ പൂർത്തിയായിരുന്നില്ല. എങ്കിലും രചനയും സംവിധാനവും ഒക്കെയായി 35 ദിവസം കൊണ്ട് ഷൂട്ടിംഗ് തീർന്നു. വിനയന്റെ സംവിധാനത്തിൽ അടുത്തടുത്തായി രണ്ട് മമ്മൂട്ടി ചിത്രങ്ങൾ.. വളരെ വ്യത്യസ്തമായ രണ്ട് ചിത്രങ്ങൾ.. രണ്ടും വിജയവുമായിരുന്നു. അക്കാലത്തെ ഓണത്തിന് മോഹൻലാലിന്റെ രാവണപ്രഭുവും മമ്മൂട്ടിയുടെ രാക്ഷസരാജാവും ഒരേ ദിവസമാണ് പ്രദർശനത്തിനെത്തിയത്. രണ്ട് സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ. പേരിൽ പോലും സാമ്യത.

മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു പൊലീസ് മുഖമായിരുന്നു രാക്ഷസരാജാവിലേത്. കൈക്കൂലിക്കാരനായ ഒരു പൊലീസ് കമ്മീഷണർ ആയിരുന്നു രാമനാഥൻ ഐ.പി.എസ്. എന്നാൽ അയാൾ അഴിമതിക്കാരനോ അനീതിക്കു കൂട്ടു നിൽക്കുന്ന ആളോ അല്ല. തല്ലാനും കൊല്ലാനും മടിയുള്ളവനല്ല രാമനാഥൻ. പക്ഷേ മനസ്സിൽ ആർദ്രതയുള്ളവനാണ്. നന്മയും തിന്മയും ഒരുപോലെ ഒരേ വ്യക്തിയിൽ സന്നിവേശിപ്പിച്ച കഥാപാത്രം. ആ പരീക്ഷണ കഥാപാത്രത്തിൽ നിറഞ്ഞാടി കയ്യടി നേടി മമ്മൂട്ടി. മമ്മൂട്ടിയുടെ കഥാപാത്രത്തിൽ മാത്രമായിരുന്നില്ല പുതുമ. കലാഭവൻ മണി ആദ്യമായി വില്ലൻ വേഷത്തിലെത്തിയ മന്ത്രി ഗുണശേഖരനും പ്രേക്ഷകപ്രശംസ നേടി. ദിലീപിന്റെ അപ്പുവും എാറെ ശ്രദ്ധിക്കപ്പെട്ടു.

സിനിമയുടെ ചിത്രീകരണത്തിനിടയിൽ കലാഭവൻ മണിയെ വേദനിപ്പിച്ച ഒരു അനുഭവത്തെക്കുറിച്ചും വിനയൻ ഒരിക്കൽ വെളിപ്പെടുത്തുകയുണ്ടായി. മണിയുടെ കഥാപാത്രം മമ്മൂട്ടിയെ തല്ലുന്ന ഒരു സീനുണ്ട് സിനിമയിൽ. ഷൂട്ടിംഗിനു മുൻപ് മമ്മൂട്ടു ചോദിച്ചു ”അത് വേണോ എന്ന്”. അടുത്ത് നിൽക്കുകയായിരുന്നു കലാഭവൻ മണി. മമ്മൂട്ടിയുടെ ചോദ്യം മണിയെ തളർത്തിക്കളഞ്ഞു. ആ സീൻ ഒഴിവാക്കണമെന്നായി മണി. ”മമ്മൂട്ടിക്ക് അറിയാഞ്ഞിട്ടാണ്, താങ്കൾ മണിയെ തിരിച്ചു തല്ലുന്ന മറ്റൊരു സീനുണ്ട്” എന്നൊക്കെ പറഞ്ഞ് എാറെ പണിപ്പെട്ടാണ് വിനയൻ ആ സീൻ പൂർത്തിയാക്കിയത്.

റിലീസിനു മുൻപായി പുതിയൊരു വിവാദവും ചിത്രത്തെ തേടിയെത്തി. സിനിമയുടെ പേരായിരുന്നു വിവാദത്തിനു കാരണമായത്. രാക്ഷസരാമൻ എന്നായിരുന്നു വിനയൻ തന്റെ ചിത്രത്തിനിട്ട പേര്. പുറമേ രാക്ഷസനെപ്പോലെ തോന്നുമെങ്കിലും, അടുത്തറിയുമ്പോൾ ശ്രീരാമനെപ്പോലെ നന്മയുള്ളവനാണ് നായകൻ എന്ന അർത്ഥത്തിലാണ് അദ്ദേഹം ചിത്രത്തിന് രാക്ഷസരാമൻ എന്ന് പേരിട്ടത്. എന്നാൽ ഈ പേര് ശ്രീരാമനെ അവഹേളിക്കുന്നതാണെന്നും ശ്രീരാമഭക്തർക്ക് വിഷമമുണ്ടാക്കുന്നതാണെന്നും പറഞ്ഞ് ചില സംഘടനകൾ രംഗത്തെത്തി. അതോടെ രാക്ഷസരാജാവ് എന്ന് പേര് മാറ്റി വിവാദത്തിൽ നിന്നും തലയൂരി വിനയൻ.

രചനയും സംവിധാനവും മാത്രമല്ല രാക്ഷസരാജാവിനുവേണ്ടി പാട്ടെഴുതുകയും ചെയ്തു വിനയൻ. ”സ്വപ്‌നം ത്യജിച്ചാൽ സ്വർഗം ലഭിക്കും, ദുഃഖം മറന്നാൽ ശാന്തി ലഭിക്കും” എന്നു തുടങ്ങുന്ന ഗാനം എാറെ ശ്രദ്ധ പിടിച്ചുപറ്റി. മറ്റ് ഗാനങ്ങളെല്ലാം രചിച്ചത് എസ്.രമേശൻ നായരാണ്.. സംഗീതം നൽകിയത് മോഹൻ സിതാരയും. വലിയ ക്യാൻവാസിലൊരുങ്ങിയ ചിത്രം നിർമ്മിച്ചത് സർഗം കബീറാണ്. ചിത്രത്തിന്റെ മനോഹാരിത ചോർന്നുപോകാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ നന്നായി പരിശ്രമിച്ചിട്ടുണ്ട് ക്യാമറാമാൻ സഞ്ജീവ് ശങ്കറും എഡിറ്റിംഗ് നിർവഹിച്ച ജി.മുരളിയും .

പുതിയൊരു താരോദയത്തിനും വേദിയായി രാക്ഷസരാജാവിന്റെ ലൊക്കേഷൻ. വിനയന്റെ അടുത്ത ചിത്രമായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിലെ നായകനു വേണ്ടിയുള്ള ഫോട്ടോഷൂട്ട് നടത്തിയത് ഇവിടെവെച്ചായിരുന്നു. ഫോട്ടോഷൂട്ടിനായി വന്ന് രാക്ഷസരാജാവിന്റെ സെറ്റിൽ കറങ്ങി നടന്നിരുന്ന പയ്യൻ പിന്നീട് താരപദവിയിലേക്ക് ഉയരുന്നതാണ് മലയാളം കണ്ടത്. അത് മറ്റാരുമല്ല, ജയസൂര്യയായിരുന്നു. അടുത്ത വർഷം തന്നെ ചിത്രം റിലീസാവുകയും വൻ വിജയം നേടുകയും ചെയ്തു.

Related posts:

Leave a Reply

Your email address will not be published.