മാസാകാൻ രജനി
1 min readരജനീകാന്തിന്റെ പിറന്നാൾ, ഒപ്പം 170-ാമത് ചിത്രത്തിന് പേരും
സ്‌റ്റൈൽമന്നൻ രജനീകാന്ത് 73-ാമത് ജന്മദിനം ആഘോഷിച്ചു. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർസ്റ്റാറിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഭാര്യ ലത, മക്കളായ ഐശ്വര്യ, സൗന്ദര്യ എന്നിവർക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം രജനി കേക്ക് മുറിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ ചെന്നൈയിലെ വസതിക്കു മുന്നിൽ ജന്മദിനം ആശംസിക്കാൻ ആരാധകരും തടിച്ചുകൂടി. രജനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമെത്തി. അദ്ദേഹം എക്‌സിൽ കുറിച്ചത് ഇങ്ങനെയായിരുന്നു. ”എന്റെ പ്രിയ സുഹൃത്ത് രജനീകാന്തിന് ജന്മദിനാംശസകൾ. വിജയകരമായ സിനിമകൾ നൽകി ആളുകളെ സന്തോഷിപ്പിക്കുന്നത് തുടരട്ടെയെന്ന് ആശംസിക്കുന്നു.”
ഇന്ത്യൻ സിനിമയിൽ എാറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടനാണ് രജനീകാന്ത്. ജയിലറിൽ മുത്തുവേൽ പാണ്ഡ്യനെ അവതരിപ്പിച്ച രജനീകാന്തിനു ലഭിച്ച പ്രതിഫലം 210 കോടി രൂപയായിരുന്നു. ആദ്യം 110 കോടിയും ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ 100 കോടിയുമാണ് നിർമ്മാതാക്കൾ പ്രതിഫലമായി നൽകിയത്. കൂടാതെ ഒരു ആഡംബര കാറും.
ഇതോടൊപ്പം രജനിയുടെ 170-ാമത് ചിത്രത്തിന്റെ പേരും തീരുമാനിച്ചു. രജനിയുടെ ജന്മദിനത്തിൽ തന്നെയാണ് പുതിയ ചിത്രത്തിന് പേരിട്ടത്. വേട്ടയ്യൻ എന്നാണ് പേര്… ഒപ്പം ചിത്രത്തിന്റെ റ്റൈറ്റിൽ ടീസറും റിലീസ് ചെയ്തു. ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം തിയേറ്ററുകളിലെത്തും. പൊലീസ് വേഷമാണ് വേട്ടയ്യനിൽ രജനിയുടേത്. ജയിലറിനു ശേഷം രജനി നായകനാവുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. രജനിയോടൊപ്പം അമിതാഭ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 33 വർഷങ്ങൾക്കു ശേഷമാണ് ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത്. മുൻപ് അന്ധ കാനൂൺ, ഗെരഫ്താർ തുടങ്ങിയ ചിത്രങ്ങളിൽ ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ നിന്ന് ഫഹദ് ഫാസിലും മഞ്ജു വാര്യരും രജനിയോടൊപ്പമെത്തുന്നു. ഫഹദും മഞ്ജുവും രജനിയോടൊപ്പം ആദ്യമായാണ്. മഞ്ജുവാര്യരുടെ നാലാമത്തെ തമിഴ് ചിത്രവും. റാണാ ദഗുബാട്ടി, റിതികസിംഗ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിലെ അഭിനേതാക്കളാണ്. തിരുവനന്തപുരത്ത് വെള്ളായണിയിലും ശംഖുമുഖത്തുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സംവിധായകനായ ടി.ജെ.ജ്ഞാനവേൽ തന്നെയാണ് വേട്ടയ്യന്റെ രചനയും നിർവഹിക്കുന്നത്. അനിരുദ്ധിന്റേതാണ് സംഗീതം.
ReplyForward |