രാഹുലിന്റെ ശിക്ഷ ശരിവച്ചു; ഇനി കോടതിക്കെതിരെ സമരം ചെയ്യുമോ ?
1 min read
ഏപ്രില്‍ 3ന് രാഹുല്‍ ഗാന്ധി സര്‍വ സന്നാഹങ്ങളുമായി കോടതിയിലെത്തിയിട്ടും ഫലിച്ചില്ല
രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുകാരും ഇനിയെന്തുപറയും. കോടതിക്കെതിരെ സമരം ചെയ്യുമോ. രാഹുല്‍ കുറ്റക്കാരനാണെന്ന് സൂറത്ത് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും സ്‌റ്റേ ചെയ്യാന്‍ സൂറത്ത് ജില്ലാ കോടതി വിസമ്മതിച്ചു. മാര്‍ച്ച് 23നായിരുന്നു രാഹുല്‍ കുറ്റക്കാരനാണെന്ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കണ്ടെത്തിയത്. ഇതോടെ രാജ്യം മുഴുവന്‍ കോണ്‍ഗ്രസുകാര്‍ സമരം ചെയ്തു. ഇപ്പോള്‍ ജില്ലാ കോടതിയും ശിക്ഷ ശരിവച്ചിരിക്കുന്നു. നിയമപരമായി രാഹുലിന് ഇനി ഹൈക്കോടതിയെ സമീപിക്കാം. അവിടെയും നീതി കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാം. പക്ഷേ അതല്ലല്ലോ അവരിതുവരെ ചെയതത്. രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ തെരുവില്‍ സമരം ചെയ്യുകയായിരുന്നില്ലേ. ഒടുവില്‍ ഏപ്രില്‍ മൂന്നിന് രാഹുല്‍ സുറത്ത് ജില്ലാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നു. അപ്പീല്‍ നല്‍കാന്‍ രാഹുലിന് കോടതിയില്‍ നേരിട്ട് ഹാജരാവേണ്ടിയിരുന്നില്ല. എന്നാല്‍ രാഹുല്‍ അന്ന് കോടതിയില്‍ ഹാജരായി. ഒറ്റയ്ക്കല്ല, ഒന്നും രണ്ടും പേരെയും കൂട്ടിയല്ല, ദേശീയ തലത്തിലും സംസ്ഥാനതലത്തിലും പ്രാദേശിക തലത്തിലുമുള്ള കോണ്‍ഗ്രസുകാരെയൊക്കെ കൂട്ടി കോടതിയില്‍ ഒരു ശക്തിപ്രകടനം. ഇത് കോടതിയെ സമ്മര്‍ദ്ദത്തിലാക്കാനല്ലേ എന്ന ആരോപണം പോലും ഉയര്‍ന്നതാണ്.
അതിനിടെ ഒരു കോണ്‍ഗ്രസ് അനുകൂല മാദ്ധ്യമം മജിസ്‌ട്രേറ്റിനെ കടന്നാക്രമിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പൂര്‍വകാലം ചികഞ്ഞായിരുന്നു അത്. പണ്ട് വക്കീലായിരിക്കുമ്പോള്‍ ഇന്ന് മജിസ്‌ട്രേറ്റായിരുന്ന ആള്‍ അമിത് ഷായ്ക്ക് വേണ്ടി ഒരു കേസില്‍ ഹാജരായിരുന്നുവത്രെ. അടിയന്തരാവസ്ഥയില്‍ ഇന്ദിരാഗാന്ധിക്കെതിരായ കേസ് വന്നത് ജസിറ്റ്‌സ് വി.ആര്‍.കൃഷ്ണയ്യരുടെ ബെഞ്ചിലായിരുന്നു. അതിന് മുമ്പ് അദ്ദേഹം എവിടെയായിരുന്നു. കേരളത്തില്‍ ഇ.എം.എസ് മന്ത്രിസഭയില്‍ അദ്ദേഹം മന്ത്രിയായിരുന്നു. ഇതൊന്നും ആ മാദ്ധ്യമം ഓര്‍ത്തില്ല.
ഏതായാലും കോണ്‍ഗ്രസിന് ഒരവസരം നഷ്ടപ്പെട്ടു. സുറത്ത് ജില്ലാ കോടതി രാഹുലിന്റെ ശിക്ഷ സ്‌റ്റേ ചെയ്തിരുന്നുവെങ്കില്‍ ഇതുവരെ ചെയ്തതെല്ലാം മോദിയായിരുന്നു ഇപ്പോള്‍ കോടതി തന്നെ വാദം ശരിയാണെന്ന് പറഞ്ഞിരിക്കുന്നു എന്ന് രാഹുലിനും കോണ്‍ഗ്രസുകാര്‍ക്കും വാദിക്കാമായിരുന്നു. ഇനി ഹൈക്കോടതി വിധി വരെ കാത്തിരിക്കാം. നേരത്തെ മാര്‍ച്ച് 23ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി വിധി വന്ന ഉടന്‍ തന്നെ അയോഗ്യത നിലവില്‍ വന്നതായി കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞിരുന്നു. എന്നാല്‍ വിധിയുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരം ചെയ്യാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്.
രാഹുല്‍ സ്ഥിരമായി മാനനഷ്ടമുണ്ടാക്കുന്ന വാക്കുകളുപയോഗിക്കുന്നായാളാണെന്നായിരുന്നു രാഹുലിന്റെ അപ്പിലീനെതിരെ പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ വാദം. 2019ല്‍ കര്‍ണാടകത്തിലെ കോലാറിലെ പ്രസംഗത്തിനിടയിലായിരുന്നു കള്ളന്മാരെല്ലാം മോദിമാരാണല്ലോ എന്ന ചോദ്യം രാഹുല്‍ ഉന്നയിച്ചത്.
കോടതിയില്‍ രാഹുല്‍ ഇത് നിഷേധിച്ചില്ലെന്ന് മാത്രമല്ല പറഞ്ഞത് ശരിയാണെന്ന് ഉറച്ചുപറയുകയും ചെയ്തു. അവസാന നിമിഷം വരെ കേസില്‍ നിന്നൂരിപ്പോകാനായി താന്‍ പറഞ്ഞതില്‍ ഖേദിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നിര്‍ദ്ദേശിച്ചിരുന്നു. രാഹുലിന് ജാമ്യം നിന്ന സൂറത്തിലെ കോണ്‍ഗ്രസ് നേതാവ് വരെ ഇക്കാര്യം പറഞ്ഞു നോക്കിയെങ്കിലും രാഹുല്‍ പറഞ്ഞിടത്തു തന്നെ നിന്നു.
ജന പ്രാതിനിധ്യ നിയമത്തിലെ 8(3) വകുപ്പ് പ്രകാരം രണ്ടുവര്‍ഷം വരെ തടവിന് ശിക്ഷിക്കപ്പെട്ട പാര്‍ലമെന്റ് അംഗത്തിന് അയോഗ്യതയുണ്ടാകും. എം.പി മാര്‍ക്കും എം.എല്‍.എ മാര്‍ക്കും ഇതില്‍ പ്രത്യേക പരിരക്ഷ നല്‍കുന്ന 8(4) വകുപ്പ് ലില്ലിതോമ്‌സ കേസിനെ തുടര്‍ന്ന സുപ്രീംകോടതി എടുത്തു കളഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടക്കാന്‍ മന്മോഹന്‍ സിംഗ് കാബിനറ്റ് ഓര്‍ഡിനന്‍സ് അംഗീകരിച്ചെങ്കിലും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പത്രസമ്മേളനത്തില്‍ കയറി ഓര്‍ഡിനന്‍സ് കീറിക്കളഞ്ഞു. പിന്നീട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോയില്ല. അന്ന് രാഹുല്‍ അങ്ങനെ ചെയിതിരുന്നില്ലെങ്കില്‍ ഇപ്പോള്‍ രാഹുലിന് അയോഗ്യത വരുമായിരുന്നില്ല.