രാഹുലിനെ മതിയായി , ഇനി പ്രിയങ്കയെ ഇറക്കും

1 min read

റായ്ബറേലിയിലേത്  സോണിയയുടെ ഒളിച്ചോട്ടമോ

റായ്ബറേലിയില്‍ നിന്ന് സോണിയാഗാന്ധി  മത്സരിക്കാനില്ലെന്ന് തീരുമാനിച്ചത് തോല്‍വി സമ്മതിക്കലാണോ. അതോ പ്രിയങ്കയ്ക്ക് വഴിയൊരുക്കലോ. യു.പിയില്‍ നിന്ന് 2019ല്‍ കോണ്‍ഗ്രസ് ജയിച്ച ഏക സീറ്റാണ് റായബറേലി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍  സോണിയാ ഗാന്ധിയാണ് റായബറേലിയില്‍ നിന്ന് ജയിച്ചത്. എന്നാല്‍ റായബറേലി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എ അദിതി സിംഗിനെ ഇത്തവണ റായബറേലി ലോകസഭാ മണ്ഡലത്തിലേക്ക് ബി.ജെ.പി ഒരുക്കി നിര്‍ത്തിയിരിക്കുകയാണ്. അതായത് കഴിഞ്ഞ തവണ അമേത്തി മണ്ഡലം പിടിച്ചെടുത്തതുപോലെ ഇത്തവണ റായബറേലിയും പിടിക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. ഇതുകൊണ്ട് മാത്രമാണോ സോണിയാ ഗാന്ധി സുരക്ഷിതമായി രാജ്യസഭയിലേക്ക് ചേക്കേറിയത്.

തോല്‍വി ഭീഷണി ഒരു ഘടകമാണെങ്കിലും അതിനേക്കാള്‍ വലിയ ഒരു ഘടകം ഉണ്ടെന്നാണ് കോണ്‍ഗ്രസുകാര്‍ അടക്കം പറയുന്നത്. അക്കാര്യത്തിന്റെ മറ്റൊരു വശം ബി.ജെ.പി  അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ചൂണ്ടിക്കാട്ടിയിരുന്നു. അത് പറഞ്ഞിരുന്നത് അമിത് ഷാ ആയിരുന്നു. അമിത് ഷാ പറഞ്ഞത് ഇങ്ങനെ. പ്രധാനമന്ത്രി നരേന്ദ്രമോദി ചന്ദ്രനിലേക്കുളള  വാഹനം ലോഞ്ച് ചെയ്തു. സോണിയാ ഗാന്ധിയാകട്ടെ ഒരു തവണയല്ല 20 തവണയാണ് ലോഞ്ച് ചെയ്തത്. ആരെയാണെന്നോ. രാഹുല്‍ ഗാന്ധിയെ. 20 തവണ ലോഞ്ച് ചെയ്തിട്ടും രാഹുല്‍ രക്ഷപ്പെടുന്നില്ല. കോണ്‍ഗ്രസുകാര്‍ക്ക് വരെ മടുത്തു. രാഹുല്‍ ജോഡോ യാത്ര നടത്തുമ്പോള്‍ സംസ്ഥാന  കോണ്‍ഗ്രസ് നേതാക്കളെല്ലാം പാര്‍ട്ടിവിടുകയാണ്. ഒരു ഡസനോളം മുഖ്യമന്ത്രിമാരാണ്  ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുളളില്‍ കോണ്‍ഗ്രസ് വിട്ടത്. ഗുലാംനബി ആസാദ്, അശോക് ചവാന്‍, കമല്‍നാഥ്, എസ്.എം കൃഷ്ണ, കിരണ്‍ റെഡ്ഡി,.. ആ പട്ടിക നീളുന്നു. രാഹുല്‍ ജോഡോ യാത്ര നടത്തിയിടത്തെല്ലാം കോണ്‍ഗ്രസ്  തോറ്റമ്പുകയും ചെയ്തു.

 പല തവണയാണ് രാഹുലിനെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയത്. ഒരു വര്‍ഷം കോണ്‍ഗ്രസ് പിരിച്ചതിന്റെ 75 ശതമാനം പണവും ജോഡോ യാത്ര നടത്താനാണ് ചെലവഴിച്ചത്. ലക്ഷവും പത്ത ലക്ഷവുമല്ല. 81 കോടി രൂപയാണ് രാഹുലിനെ പ്രോജക്ട് ചെയ്യാന്‍ ജോഡോ യാത്രയ്ക്കായി കോണ്‍ഗ്രസ് ചെലവഴിച്ചത്. എന്നിട്ടെന്തുണ്ടായി . ഒന്നും സംഭവിച്ചില്ല.  ഡെഹരാഡുണിലെ ഡൂണ്‍ സ്‌കൂളില്‍ പഠിച്ച രാഹുലിനെ 2004ലാണ് തിരഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. 2004ലും 2009ലും 2014ലും രാഹുല്‍ അമേത്തിയില്‍ നിന്ന് ജയിച്ചു. അച്ഛന്‍ രാജീവ് ഗാന്ധിയുടെ മണ്ഡലം. പക്ഷേ 2019ല്‍ രാഹുല്‍ അ
മേത്തിയില്‍ നിന്നുംതോറ്റു. അത് നേരത്തെ കണ്ടതുകൊണ്ട് കേരളത്തിലെ വയനാട്ടിലും രാഹുല്‍ മത്സരിച്ചിരുന്നു. നല്ല ഭൂരിപക്ഷത്തിന് ജയിക്കുകയും ചെയതു. പക്ഷേ  ആ വിജയത്തേക്കാള്‍ ആഴം കൂടിയത് അമേത്തിയിലെ പരാജയമായിരുന്നു.

 2014 ലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ആണ് കോണ്‍ഗ്രസിനെ നയിച്ചത്. പക്ഷേ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കോണ്‍ഗ്രസ് എത്തിയത്. 44 സീറ്റ് മാത്രം. ആകെ സീറ്റന്റെ പത്തിലൊന്നുപോലും ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതൃ പദവി പോലും കിട്ടിയില്ല. 2019ലും രാഹുല്‍ തന്നെ നയിച്ചു. ഇത്തവണ എതിരാളിയായ ബി.ജെ.പി യുടെ സീറ്റ് കൂടിയെന്ന് മാത്രം. അചഛനും അച്ഛന്റെ അമ്മയും മുത്തച്ഛനുമൊക്കെ ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്നതൊന്നും രാഹുലിനെ തുണച്ചില്ല.

രാഹുലിനെ എതിരാളികള്‍ പപ്പു എന്നു വിളിച്ചു. രാഹുലിന്റെ പെരുമാറ്റം കാരണം നാട്ടില്‍ വേരുകളുള്ള പല നേതാക്കളും പാര്‍ട്ടി വിട്ടു. വിദേശിയെന്ന പേരുണ്ടായിരുന്നെങ്കിലും സോണിയാഗാന്ധിയോട്്  ഇവര്‍ക്കൊന്നും അത്ര എതിര്‍പ്പില്ലായിരുന്നു. രാജ്യത്താകമാനം കോണ്‍ഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുന്നു. ഇനി കോണ്‍ഗ്രസിന് ആകെയുള്ള പ്രതീക്ഷ പ്രിയങ്ക മാത്രമാണ്. അവരെയും പ്രോജക്ട് ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു.  പക്ഷേ രാഹുല്‍ വേണോ പ്രിയങ്ക വേണോ എന്ന് തീരുമാനിക്കേണ്ടിവന്നപ്പോള്‍ അവര്‍ രാഹുല്‍ മതി എന്നു തീരുമാനിച്ചു. ഇപ്പോള്‍ രാഹുലിനെ അവര്‍ക്ക് മതിയായി. ഇനി ആകെ പ്രതീക്ഷ പ്രിയങ്കയില്‍ മാത്രമാണ്. കോണ്‍ഗ്രസിനെ യു.പി യില്‍ പുനരുജ്ജീവിപ്പിക്കാന്‍ പ്രിയങ്കയെ ഏല്പിച്ചതായിരുന്നു. അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല യുപി.യില്‍ കോണ്‍ഗ്രസ് കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാവുകയാണ് ചെയ്തത്. എന്നാലും അവസാനത്തെ പിടിവള്ളിയായി പ്രിയങ്കയെ മാത്രമേ അവര്‍ കാണുന്നുള്ളു. അവര്‍ക്ക് കോണ്‍ഗ്രസുകാര്‍ കാണുന്ന നേട്ടം അവരുടെ ചേഷ്ടകളിലെവിടെയോ ഇന്ദിരാഗാന്ധിയെയും അവരുടെ ശരീരഭാഷയെയും കാണുന്നു എന്നതാണ്.

 ഇനി പ്രിയങ്കയെ റായ്ബറേലിയില്‍ നിറുത്തി തോല്പിക്കുമോ. റായബറേലിയില്‍ തോറ്റാല്‍ പ്രിയങ്കയുടെ അരങ്ങേറ്റം തന്നെ വെള്ളത്തിലാകും. പിന്നെ പ്രിയങ്ക സജീവമായി മുന്നോട്ട്‌വന്നാല്‍ അവരുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ തട്ടിപ്പുകള്‍ ബി.ജെ.പി ലൈവ് ആക്കി നിറുത്തും. ഇനി പ്രിയങ്കയ്ക്ക് ദേശീയ ശ്രദ്ധ നേടണമെങ്കില്‍ ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി മണ്ഡലത്തില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കണം. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി പൊതുസ്ഥാനാര്‍ഥിയാവണം. ദയനീയമായി തോല്‍ക്കുമെങ്കില്‍ കൂടി താനാണ് മോദിയുടെ എതിരാളി എന്ന ധാരണ പരത്താനെങ്കിലും പ്രിയങ്കയ്ക്ക് കഴിയും. അതിനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം കോണ്‍ഗ്രസുകാര്‍ക്കുണ്ടോ എന്നാതാണ് പ്രധാന ചോദ്യം.

Related posts:

Leave a Reply

Your email address will not be published.