മാനനഷ്ടക്കേസില്‍ രാഹുലിന് 2 വര്‍ഷം തടവുശിക്ഷ; ജാമ്യം അനുവദിച്ചു
1 min readസൂറത്ത്: ഗുജറാത്തിലെ മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ. സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
തുടര്‍ന്ന് ജാമ്യം അനുവദിച്ച കോടതി അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് തടയുകയും ചെയ്തു. രണ്ടു വര്‍ഷത്തെ ശിക്ഷ ശരിവച്ചാല്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍നിന്ന് അയോഗ്യനാകും. വിധി പറയുമ്പോള്‍ രാഹുല്‍ കോടതിയിലുണ്ടായിരുന്നു.
ഗുജറാത്തിലെ മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഗുജറാത്ത് ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
2019-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍, ഒരു സമൂഹത്തെ മുഴുവന്‍ പരിഹസിച്ച് രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞു, ‘ നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി… അവര്‍ക്കെല്ലാം എങ്ങനെയാണ് മോദി എന്ന പൊതുവായ കുടുംബപേരുളളത് ? എങ്ങനെയാണ് എല്ലാ കളളന്മാര്‍ക്കും മോദി എന്നൊരു കുടുംബപേരുണ്ടായത് ?
രാഹുലിന്റെ പരാമര്‍ശം മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണ് എന്നായിരുന്നു ആരോപണം. തനിക്കും വ്യക്തിപരമായി മാനഹാനി ഉണ്ടാക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെന്ന് പൂര്‍ണേഷ് മോദി അവകാശപ്പെട്ടിരുന്നു. ഹൈക്കോടതി ഈ കേസിന്റെ നടപടിക്രമങ്ങള്‍ സ്റ്റേ ചെയ്തിരുന്നെങ്കിലും രണ്ടാഴ്ച മുന്‍പ് സ്റ്റേ നീക്കി. തുടര്‍ന്ന് സൂറത്ത് ചീഫ് മജിസ്‌ട്രേട്ട് കോടതിയിലെ അന്തിമവാദത്തിനു ശേഷം ഇന്ന് വിധിപറയാന്‍ മാറ്റുകയായിരുന്നു.