രാഹുല്‍ഗാന്ധി ഇനി എം.പിയല്ല; വിജ്ഞാപനമിറക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ്
1 min readന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനമിറങ്ങി. മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും രണ്ടു വര്‍ഷത്തെ തടവ് വിധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.
കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതല്‍ രാഹുലിനെ അയോഗ്യനാക്കിയാണ് വിജ്ഞാപനം ഇറക്കിയത്. രണ്ടു വര്‍ഷത്തെ തടവു ശിക്ഷ ലഭിച്ചതോടെ രാഹുല്‍ അയോഗ്യനാക്കപ്പെടുമെന്ന സൂചന നിയമവൃത്തങ്ങള്‍ നേരത്തെ തന്നെ നല്‍കിയിരുന്നു. ഉത്തരവിന്റെ പകര്‍പ്പ് രാഹുല്‍ ഗാന്ധിക്കും കേരള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും അയച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം.പിമാരുടെ യോഗത്തില്‍ രാവിലെ രാഹുല്‍ പങ്കെടുത്തിരുന്നു.
സൂററ്റിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി കണക്കിലെടുത്താണ് നടപടിയെന്ന് ലോകസഭാ സെക്രട്ടറി ജനറല്‍ ഉത്പല്‍കുമാര്‍ സിംഗ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 102(1)(ഇ), 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8 എന്നിവ അനുസരിച്ചാണ് നടപടി.
ഗുജറാത്തിലെ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ സൂററ്റ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച്.വര്‍മ്മയാണ് ശിക്ഷ വിധിച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘എല്ലാ കളളന്‍മാര്‍ക്കും മോദിയെന്ന പൊതുപേരുണ്ടായതെങ്ങനെ’ എന്ന പ്രസംഗമാണ് കേസിനാസ്പദം. രാഹുല്‍ മോദി സമുദായത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് പൂര്‍ണേഷ് മോദി മാനനഷ്ടക്കേസ് നല്‍കിയത്.
അപകീര്‍ത്തി കേസിലെ ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം പരമാവധി ശിക്ഷയായ രണ്ടു വര്‍ഷം തടവാണ് വിധിച്ചത്. വ്യാഴാഴ്ച വിധി കേള്‍ക്കാന്‍ രാഹുലും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷ നടപ്പാക്കുന്നത് കോടതി 30 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു വെങ്കിലും ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ അയോഗ്യത നിലനില്‍ക്കുമെന്നാണ് നിയമവൃത്തങ്ങള്‍ പറയുന്നത്. സുപ്രീംകോടതി വിധിപ്രകാരം ക്രിമിനല്‍ കേസില്‍ ഒരു ജനപ്രതിനിധി രണ്ടു വര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടാല്‍ വിധി വന്ന അന്നുമുതല്‍ അയോഗ്യനാകും. 10 വര്‍ഷം മുന്‍പ് ഇതിനെ മറി കടക്കാന്‍ മന്‍മോഹന്‍സിങ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പത്രസമ്മേളനത്തിനിടയില്‍ കീറിയെറിഞ്ഞ രാഹുലിന്റെ പ്രവൃത്തി ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു.