രാഹുല്‍ സ്ഥിരം കുറ്റവാളിയെന്ന് പൂര്‍ണേഷ് മോദി

1 min read

രാഹുലിന്റെ ശിക്ഷ റദ്ദാക്കരുതെന്നും അപ്പീല്‍ അനുവദിക്കരുതെന്നും ആവശ്യം.

മാനനഷ്ടക്കേസിലെ വിധി റദ്ദാക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അപ്പീലിനെതിരെ കേസിലെ പരാതിക്കാരനായ ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി. രാഹുലിനെതിരെ പത്ത് മാനഷ്ടക്കേസുകള്‍ നിലവിലുണ്ട്. സ്ഥിരമായി ഇങ്ങനെ നിരുത്തരവാദപരവും മറ്റുള്ളവരെ അപമാനിക്കുന്നതും അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ളതുമായ പ്രസംഗം നടത്തുന്നയാളാണ് രാഹുല്‍. ഇതു നടത്തുന്നത് അഭിപ്രായ പ്രകടന സ്വാതന്ത്യം ദുരുപയോഗിച്ചും രാഷ്ട്രീയ വിമര്‍ശനമാണെന്നും പറഞ്ഞാണെന്ന് പൂര്‍ണേഷ് മോദി ആരോപിച്ചു.

ബി.ജെ.പി നേതാവും എം.എല്‍.എയുമായ പൂര്‍ണേഷ്‌മോദിയുടെ പരാതി പ്രകാരമാണ് സുറത്ത് ചീഫ് ജൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് 2019ലെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് മാര്‍ച്ച് 23ന് വിധിച്ചത്. രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞതിങ്ങനെ… ‘നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി, എല്ലാ കള്ളന്മാരും മോദിമാരാകുന്നതെങ്ങനെ’. ഇതാണ് മോദി സമുദായത്തെ അപമാനിക്കുന്നതായി പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. കുറ്റക്കാരനാണെന്ന് കണ്ടത് റദ്ദാക്കുന്നത് കോടതി ചുരുക്കം ചില സന്ദര്‍ഭങ്ങളിലാണ്. അതുപോല കോടതിക്കെതിരെ മോശമായ പരാമര്‍ശം രാഹുലും കൂട്ടാളികളും നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. മാര്‍ച്ച് 23ന് വിധി പറഞ്ഞ ദിവസം വളരെയധികം അനുയായികളുമായി വന്നതിനെയും ഇദ്ദേഹം ചോദ്യം ചെയ്യുന്നു.

ഏപ്രില്‍ മൂന്നിന് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ വന്ന ദിവസവും ആളെക്കൂട്ടി കോടതിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നോക്കി. അപ്പീല്‍ നല്‍കുന്ന ദിവസം ശിക്ഷിക്കപ്പെട്ടയാളുടെ നേരിട്ടുള്ള സാന്നിദ്ധ്യം ആവശ്യമില്ല. എന്നാല്‍ ദേശീയ സംസ്ഥാന തലത്തിലുളള നേതാക്കളെയും പ്രവര്‍ത്തകരെയും കൂട്ടി നേരിട്ട് കോടതിയില്‍ വരികയാണ് രാഹുല്‍ ചെയ്തത്. അപ്പീല്‍ നല്‍കുക എന്നത് നിയമപരമായ ഒരു നടപടി ക്രമമാണ്. അതിനെ രാഷ്ട്രീയ മുതലെടുപ്പിനുളള അവസരമാക്കി മാറ്റുകയാണ് ചെയ്തത്. ഒരു പാര്‍ലമെന്റംഗം സാധാരണ പൗരനാണ്. അദ്ദേഹം നിയമത്തിന് മുന്നില്‍ പ്രത്യേകാവശം ഉന്നയിക്കരുത്. നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ കഴിയൂ.

മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ശരിയായ തെളവെടുപ്പിനും വിചാരണയ്ക്കും ശേഷം തയ്യാറാക്കിയതാണ്. നേരിട്ടുള്ള തെളിവും ഡിജിറ്റല്‍ തെളിവും അവലംബിച്ചു. സംശയത്തിനതീതമായി രാഹുല്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതാണ്. അതുകൊണ്ട് തന്നെ അപ്പീല്‍ അനുവദിക്കരുതെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. രാഹുല്‍ ഈ പ്രസംഗം ചെയ്തതാണെന്ന് സമ്മതിച്ചതാണെന്ന് മാത്രമല്ല അത് പൊതുതാല്‍പര്യ പ്രകാരമാണെന്ന് വാദിക്കുകയും ചെയ്തതാണ്.

Related posts:

Leave a Reply

Your email address will not be published.