ലോകോളേജ് സംഘർഷം : എസ്.എഫ്.ഐ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കില്ല
1 min readതിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ സംഘർഷമുണ്ടാക്കിയ എസ്എഫ്ഐ നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കില്ല. എന്നാൽ സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ എഴുതാൻ അനുവാദം നൽകും. ശനിയാഴ്ച ചേർന്ന പിടിഎ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
കെ.എസ്.യു പ്രവർത്തകരുടെ കൊടി കത്തിച്ച കേസിൽ 24 എസ്എഫ്ഐ പ്രവർത്തകരെയാണ് സസ്പെൻഡ് ചെയ്തത്. വലിയ സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി തിങ്കളാഴ്ച ഇരു വിദ്യാർത്ഥി സംഘടനകളുടെയും യോഗം വിളിച്ചിട്ടുണ്ട്. പിടിഎ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കും.കോളേജ് തുറക്കുന്ന കാര്യവും ഈ മാസം 24ന് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യവും അതിനുശേഷം തീരുമാനിക്കും.
അതേസമയം പ്രിൻസിപ്പാൾ ഉൾപ്പെടെ അദ്ധ്യാപകരെ ബന്ദികളാക്കിയ സംഭവത്തിൽ 60 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരുടെ വിശദാംശങ്ങൾ ശേഖരിച്ച ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ അസിസ്റ്റന്റ് പ്രൊഫസർ വി.കെ.സഞ്ജുവിന്റെ പരാതിയിലാണ് പൊലീസ് നടപടി.