അഭിമാനദിനം : സുധാമൂർത്തിയുടെ പത്മഭൂഷൻ ലബ്ധിയെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി
1 min readഋഷിയുടെ ഭാര്യ അക്ഷതാമൂർത്തിയുടെ അമ്മയാണ് സുധാമൂർത്തി
ന്യൂഡൽഹി : ജീവകാരുണ്യ പ്രവർത്തനത്തിന് സുധാമൂർത്തിക്ക് പത്മഭൂഷൺ ബഹുമതി ലഭിച്ചതിന്റെ സന്തോഷം പങ്കുവെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷിയുടെ ഭാര്യ അക്ഷതാമൂർത്തിയുടെ അമ്മയാണ് സുധാമൂർത്തി. രാഷ്ട്രപതിയിൽ നിന്ന് സുധാമൂർത്തി പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചടങ്ങിൽ ഭർത്താവ് നാരായണമൂർത്തിയും മകൾ അക്ഷതാമൂർത്തിയും മകൻ രോഹിത് മൂർത്തിയും പങ്കെടുത്തിരുന്നു.
രാഷ്ട്രപതിയിൽ നിന്ന് എന്റെ അമ്മ പത്മഭൂഷൻ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് പറഞ്ഞറിയിക്കാനാകാത്ത അഭിമാനത്തോടെയാണ് ഞാൻ കണ്ടു നിന്നതെന്നും അവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ തനിക്ക് വലിയ പ്രചോദനമാണെന്നും അക്ഷതാമൂർത്തി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഇതിനു മറുപടിയായി കമന്റ് ബോക്സിലാണ് ‘അഭിമാനദിനം’ എന്ന് ഋഷി സുനക് പ്രതികരിച്ചത്. എല്ലാവർക്കും പ്രചോദനമാണ് സുധാമൂർത്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയാണ് സുധാമൂർത്തിയുടെ ഭർത്താവ്. രണ്ടു പതിറ്റാണ്ടിലേറെ ഇൻഫോസിസിന്റെ ചെയർപേഴ്സൺ കൂടിയായിരുന്നു സുധാമൂർത്തി.