പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു.
1 min read
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരി സാറാ തോമസ് (88) വിട വാങ്ങി. പുലര്‍ച്ചെ മകളുടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു.
17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം നാളെ പാറ്റൂര്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കും.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളില്‍ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ നോവല്‍ ‘ജീവിതം എന്ന നദി’യാണ്. നാര്‍മടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി.
ദൈവമക്കള്‍, മുറിപ്പാടുകള്‍, വേലക്കാര്‍ തുടങ്ങി നിരവധി കൃതികളും ഡോ.സാറയുടെതായി വായനക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. നാര്‍മടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
സാറാ തോമസിന്റെ മുറിപ്പാടുകള്‍ എന്ന നോവലാണ് പി.എ ബക്കര്‍ മണിമുഴക്കം എന്ന പേരില്‍ പിന്നീട് സിനിമയാക്കിയത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് അടക്കം ഈ സിനിമ കരസ്ഥമാക്കി. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും സിനിമയായി.