ശ്രീനാഥ് ഭാസി സ്ഥിരം തലവേദനയെന്ന് നിര്‍മ്മാതാവ് ഷിബു ജി സുശീലന്
1 min readഷൂട്ടിംഗിന് സമയത്തെത്തില്ല; വിളിച്ചാല്‍ ഫോണെടുക്കില്ല
ഏതാനും ചില നടന്മാര് മലയാള സിനിമയില്‍ പ്രതിസന്ധിയുണ്ടാക്കുന്നു എന്നുള്ള സംവിധായകനും ഫെഫ്ക ജനറല്‍ സെക്രട്ടറിയുമായ ബി.ഉണ്ണിക്കൃഷ്ണന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഉണ്ണിക്കൃഷ്ണന് ആരുടെയും പേര് വെളിപ്പെടുത്തിയില്ലെങ്കിലും ചില നടന്മാരുടെ പേരുകള്‍ ഇതിനകം തന്നെ വെളിയില്‍ വന്നു കഴിഞ്ഞു. അതിലൊരാളാണ് ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി വലിയ കുഴപ്പക്കാരനാണെന്ന് പറയുന്നു നിര്‍മ്മാതാവ് ഷിബു.ജി.സുശീലന്. ശ്രീനാഥ് ഭാസി നിര്‍മ്മാതാക്കള്‍ക്ക് എത്രമാത്രം തലവേദനയാണെന്ന് താന്‍ നേരിട്ട ദുരനുഭവങ്ങളിലൂടെ വ്യക്തമാക്കുകയാണ് അദ്ദേഹം. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്കിയ അഭിമുഖത്തിലാണ് ഷിബു ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹോമിന്റെ എഗ്രിമെന്റ് സൈന്‍ ചെയ്യുന്ന സമയം. മൂന്നാല് പേരുകൂടിയുള്ള സിനിമയാണ്, ഒരു വീട്ടിനകത്തുള്ള ഷൂട്ടിംഗാണ്, എല്ലാവരും ഒരുമിച്ചുണ്ടെങ്കിലേ ഷൂട്ടിംഗ് നടക്കൂ എന്ന് ശ്രീനാഥ് ഭാസിയോട് പറഞ്ഞു. കൃത്യസമയത്ത് എത്താമെന്ന് ശ്രീനാഥ് ഏല്ക്കുകയും ചെയ്തു. ഏഴര മണിക്ക് ഷൂട്ടിംഗ് തുടങ്ങണം. പക്ഷേ ശ്രീനാഥ് എത്തിയത് പത്തര മണിക്ക്. എല്ലാ ദിവസങ്ങളിലും ഇതാവര്‍ത്തിച്ചപ്പോള്‍ ശ്രീനാഥ് ഭാസിക്ക് മെസേജ് അയച്ചു, ഇങ്ങനെ പോകുന്നത് ശരിയല്ല, ഇങ്ങനെ പോയാല്‍ നിന്റെ പേയ്മെന്റ് കുറയ്ക്കേണ്ടി വരുമെന്ന്. ഉടനെ ശ്രീനാഥ് വിജയ്ബാബുവിന് ഒരു മെസേജ് അയച്ചു, ഷിബുചേട്ടന് എന്നെ പീഡിപ്പിക്കുന്നു എന്ന്. വിജയ്ബാബു വിളിച്ചു ചോദിച്ചപ്പോള്‍, നിര്‍മ്മാതാവിന് പ്രശ്നമില്ലെങ്കില്‍ എനിക്കും പ്രശ്നമില്ലെന്ന് ഞാനും പറഞ്ഞു.
ഇന്ദ്രന്‍സിനെ പോലുളള മുതിര്‍ന്ന നടന്മാര് കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തി കാത്തിരിക്കുന്ന സമയത്താണ് യുവനടന്മാരുടെ ഈ പരാക്രമമെന്നും ഷിബു വ്യക്തമാക്കുന്നു. എന്തിനാണ് രാവിലെ എന്നെക്കൊണ്ടിരുത്തുന്നതെന്ന് ഒടുവില്‍ ഇന്ദ്രന്‍സ് തന്നെ ചോദിച്ചു. ആ പാവം രാവിലെ ആറര മണി മുതല്‍ തലയില്‍ വിഗും വെച്ച് കാത്തിരിക്കുകയാണ്. ഇന്ദ്രന്‍സും ശ്രീനാഥും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ് ഷൂട്ട് ചെയ്യേണ്ടത്. ഷൂട്ടിംഗ് ദിവസങ്ങളില്‍ വിളിച്ചാല്‍ ശ്രീനാഥ് ഫോണെടുക്കില്ലെന്നും ഷിബു വ്യക്തമാക്കുന്നു. ഡ്രൈവര്‍ ഫ്ളാറ്റിനു മുന്നില്‍ ചെന്നു നിന്ന് വിളിച്ചാലോ, സെക്യൂരിറ്റി വിളിച്ചാലോ ഫോണെടുക്കില്ല.
കണ്ടെയ്നര്‍ റോഡ് ഷൂട്ട് ചെയ്യുന്ന ദിവസം പത്തര മണിക്ക് എത്താമെന്നേറ്റ ശ്രീനാഥ് എത്തിയത് പന്ത്രണ്ടേ മുക്കാലിന്. വെയില് ചൂടു പിടിക്കുന്നതിനു മുമ്പേ എടുക്കേണ്ടതായിരുന്നു. ഒടുവില്‍ ഞങ്ങള്‍ ഭക്ഷണം കഴിച്ചിട്ടു വരട്ടെ, എന്നിട്ട് തുടങ്ങാമെന്ന് പറയേണ്ടി വന്നു. അതിന്റെ പ്രൊമോഷന് വിളിച്ചിട്ടു വന്നില്ലെന്നും ഷിബു ആരോപിക്കുന്നു. 100150 പേര് ഒരാള്‍ക്കുവേണ്ടി കാത്തിരിക്കേണ്ടി വരുന്നു. നിര്‍മ്മാതാവില്‍ നിന്ന് പണം കൈപ്പറ്റുന്ന കലാകാരന്മാര് നൂറു ശതമാനവും ആത്മാര്‍ത്ഥത കാണിക്കണമെന്നും അവരെ നഷ്ടത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുന്ന പെരുമാറ്റ രീതികള്‍ ശരിയല്ലെന്നും തുറന്നുപറയുകയാണ് ഷിബു ജി സുശീലന്.
പ്രശ്നക്കാരായ ഇത്തരം നടന്മാരെ വെച്ച് സിനിമ എടുക്കുന്നത് എന്തിനാണെന്നും ഷിബുചോദിക്കുന്നു. പണം മുടക്കി നിര്‍മ്മാതാക്കള്‍ തലവേദന ഏറ്റുവാങ്ങുന്നതെന്തിന്? ഇത്തരക്കാരെ ഒഴിവാക്കുക മാത്രമാണ് ഏക പോംവഴിയെന്നും അദ്ദേഹം പറയുന്നു.
ശ്രീനാഥിനെതിരെയുള്ള വിവാദങ്ങള്‍ ആദ്യമല്ല. അഭിമുഖത്തിനിടയില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകയെ തെറി വിളിച്ചതുമായി ബന്ധപ്പെട്ട ഒരു പരാതിയും അടുത്ത കാലത്ത് ശ്രീനാഥിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. ഷൂട്ടിംഗിനിടയില്‍ ക്യാമറ ഓഫാക്കാന്‍ ആവശ്യപ്പെട്ട ശ്രീനാഥ് മാധ്യമ പ്രവര്‍ത്തകയെ തെറി വിളിച്ചു എന്നായിരുന്നു പരാതി. അത് ഒരുവിധം ഒതുക്കി തീര്‍ത്തതിനു പിന്നാലെയാണ് പുതിയ വിവാദം ശ്രീനാഥിനെ തേടിയെത്തിയിരിക്കുന്നത്.