സിപിഎം ഫണ്ട് തിരിമറി : പി.കെ.ശശിക്കെതിരായ തെളിവുകൾ പുറത്ത്
1 min readമണ്ണാർക്കാട്: സിപിഎം നേതാവ്. പി.കെ.ശശി നടത്തിയ ഫണ്ട് തിരിമറിയുടെ രേഖകൾ പുറത്തു വന്നു. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ സമർപ്പിച്ച രേഖകളാണിത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ നടത്തിയ അന്വേഷണ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും. കഴിഞ്ഞ ദിവസം നടന്ന മണ്ണാർക്കാട് ഏരിയ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ച ചെയ്തു. എട്ടുരേഖകളാണ് ശശിക്കെതിരെ അംഗങ്ങൾ നൽകിയത്
• സിപിഎം ഭരിക്കുന്ന സഹകരണബാങ്കിൽ നിന്നുള്ള 5കോടി 60 ലക്ഷം രൂപയ്ക്ക് യൂണിവേഴ്സൽ കോളേജിന് ഓഹരി വാങ്ങിയതിന്റെ രേഖകൾ
• മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിന്റെ വിവിധ സൊസൈറ്റികളിൽ പാർട്ടി അറിയാതെ നടത്തിയ 35 നിയമനങ്ങളുടെ രേഖകൾ
• യൂണിവേഴ്സൽ കോളേജിൽ ചെയർമാനാകാൻ സഹോദരിയുടെ മേൽവിലാസത്തിൽ അഡ്രസ് പ്രൂഫ് ഉണ്ടാക്കിയതിന്റെ തെളിവുകൾ
• ഡ്രൈവർ പി.കെ.ജയന്റെ പേരിൽ അലനെല്ലൂർ വില്ലേജ് പരിസരത്തു വാങ്ങിയ ഒരു കോടിക്കു മുകളിൽ വില വരുന്ന സ്ഥലത്തിന്റെ ആധാരവും അതിന്റെ പോക്കു വരവ് നടത്തിയ രേഖകളും
• മണ്ണാർക്കാട് നഗരസഭയിൽ പാവാടിക്കുളത്തിന് സമീപമുള്ള സ്ഥലക്കച്ചവടത്തിന്റെ രേഖകൾ
• യൂണിവേഴ്സൽ കോളേജിനു സമീപം മകന്റെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലത്തിന്റെ രേഖ
• പാർട്ടി ഏരിയ കമ്മിറ്റി ഓഫീസായ നായനാർ സ്മാരകത്തിന്റെ നിർമ്മാണത്തിൽ പി.കെ.ശശിയുടെ റൂറൽ ബാങ്കിന്റെ അക്കൗണ്ടിലേക്കു മാറ്റിയ 10 ലക്ഷത്തിന്റെ കണക്ക്
• ജില്ലാ സമ്മേളനം നടത്തിയ വകയിൽ ശശിയുടെ അക്കൗണ്ടിലേക്ക്മാറ്റിയ 10 ലക്ഷത്തിന്റെ കണക്ക്
വിവിധ അംഗങ്ങളുടെ മൊഴിയെടുക്കുകയും പി.കെ.ശശിയുടെ വിശദീകരണംകേൾക്കുകയും ചെയ്തു. വിഭാഗീയതയുടെ ഭാഗമായുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉണ്ടായിട്ടുള്ളതെന്നാണ് പി.കെ.ശശിയുടെ വിശദീകരണം. പരാതിയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുന്നത് സംസ്ഥാന കമ്മിറ്റിയാണ്. പാലക്കാട് സിപിഎമ്മിൽ വിഭാഗീയത ശക്തമാണ്. സ്ത്രീപീഡനമുൾപ്പെടെയുള്ള പരാതികൾ മുൻപും പി.കെ.ശശിക്കെതിരെ ഉയർന്നതും വിഭാഗീയതയുടെ ഭാഗമായി കാണുന്നവരുണ്ട്. പാർട്ടിനേതൃത്വം ഇടപെട്ട് ഒതുക്കി തീർക്കുകയായിരുന്നു അന്ന്.