മാര്‍ക്ക് ഷീറ്റ് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പാളിനെ പൂര്‍വവിദ്യാര്‍ഥി തീകൊളുത്തി കൊലപ്പെടുത്തി
1 min read
ഭോപ്പാല്‍: മാര്‍ക്ക് ഷീറ്റ് ലഭിക്കാന്‍ വൈകിയതില്‍ പ്രകോപിതനായ പൂര്‍വവിദ്യാര്‍ഥി പ്രിന്‍സിപ്പാളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മധ്യപ്രദേശ് ഇന്ദോറിലെ ബി.എം. കോളേജ് ഓഫ് ഫാര്‍മസി പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ്മയാണ് (54) കൊല്ലപ്പെട്ടത്. ഫെബ്രുവരി 20നാണ് സംഭവം. തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിമുക്ത, ശനിയാഴ്ച രാവിലെയോടെ അന്തരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് പ്രതി അശുതോഷ് ശ്രീവാസ്തവയെ പോലീസ് കസ്റ്റഡിയിലെടുത്തു.
അശുതോഷ് വാട്‌സാപ്പില്‍ പതിവായി പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിക്കൊണ്ട് സന്ദേശങ്ങള്‍ അയച്ചിരുന്നു. ഈ സാഹചര്യത്തില്‍ തങ്ങള്‍ നല്‍കിയ പരാതിയില്‍ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിമുക്തയുടെ മകള്‍ ആരോപിച്ചു. അന്ന് പോലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ തന്റെ അമ്മയെ ആക്രമണത്തില്‍നിന്നും രക്ഷിക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആക്രമണത്തില്‍ വിമുക്ത ശര്‍മ്മയ്ക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റിലിരുന്നു.
തന്റെ ഏഴ്, എട്ട് സെമസ്റ്ററുകളുടെ പരീക്ഷാഫലം 2022 ജൂലൈയില്‍ വന്നിരുന്നു. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും കോളേജ് മാര്‍ക്ക് ഷീറ്റ് നല്‍കാന്‍ തയ്യാറായില്ലെന്ന് അശുതോഷ് പോലീസിനോട് പറഞ്ഞു.
ഇതിന് മുന്‍പും അശുതോഷ് അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കി. മാര്‍ക്ക് ഷീറ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ വിജയ് പട്ടേലിനെ അശുതോഷ് കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.