പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കേരളത്തിന്റെ വികസന കുതിപ്പിന് ആക്കംകൂട്ടും: കെ.സുരേന്ദ്രന്‍

1 min read

കൊച്ചി: പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ കേരള സന്ദര്‍ശനം കേരളത്തിന്റെ വികസന കുതിപ്പിന് ആക്കം കൂട്ടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയും ആഹ്ലാദവും പകരുന്നതാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. 24 ന് കൊച്ചിയില്‍ മെഗാറോഡ് ഷോയില്‍ നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യും. പിന്നീട് യുവം പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ വലിയ മാറ്റം കുറിക്കുന്ന സമ്മേളനമാവും യുവം. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് കേരളത്തിന്റെ വികസനത്തിന് വേണ്ടിയുള്ള കൂട്ടായ്മയാണ് യുവം. നരേന്ദ്രമോദിയെ സ്വീകരിക്കാനുള്ള യുവാക്കളുടെ ആവേശമാണിത്. നരേന്ദ്രമോദിക്ക് യുവാക്കള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യത ഇടത്‌വലത് മുന്നണികളെ അസ്വസ്ഥമാക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറി. അനുകൂലമായ സാഹചര്യമുണ്ടായിട്ടും കേരളം ഇപ്പോഴും നിക്ഷേപ സൗഹൃദ സംസ്ഥാനമാവുന്നില്ല. തൊഴിലില്ലായ്മ വിസ്‌ഫോടനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ തകര്‍ച്ച എന്നിവയെല്ലാം കേരളത്തിന് തിരിച്ചടിയാണ്. ഇത്തരം ചോദ്യങ്ങളാണ് യുവം 2023ല്‍ ചോദിക്കുക. ഇതൊരു തുടക്കം മാത്രമാണ്. കേരളത്തിലെ യുവതയുടെ പ്രശ്‌നങ്ങള്‍ ഇനിയും ചര്‍ച്ചയാക്കും.

കൊച്ചിയില്‍ പ്രധാനമന്ത്രി ക്രൈസ്തവ മതമേലദ്ധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. വികസനത്തിന് വേണ്ടി മതപുരോഹിതന്‍മാര്‍ മുന്നോട്ട് വരുന്നത് നാടിന്റെ ഭാവിക്ക് ഗുണം ചെയ്യും. കള്ള പ്രചരണങ്ങളെ ക്രൈസ്തവ സമൂഹം തള്ളിക്കളഞ്ഞു കഴിഞ്ഞു.
വന്ദേഭാരതിനെതിരായ ഇടത്‌വലത് മുന്നണികളുടെ നിലപാട് ദൗര്‍ഭാഗ്യകരമാണ്. വികസന കാര്യങ്ങളെ ദുഷ്ടലാക്കോടെ കാണരുത്. സില്‍വര്‍ലൈന്‍ വരുമെന്നത് വ്യാജ പ്രചരണം മാത്രമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍, ജില്ലാ അദ്ധ്യക്ഷന്‍ കെഎസ് ഷൈജു, സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, വക്താവ് കെവിഎസ് ഹരിദാസ്, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പ്രഫുല്‍കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts:

Leave a Reply

Your email address will not be published.