ലോകത്തിലെ പ്രായം കുറഞ്ഞ യോഗ പരിശീലകയെന്ന ഗിന്നസ് റെക്കോർഡ്; അടുത്ത ലക്ഷ്യം പ്രധാനമന്ത്രിക്കൊപ്പം യോഗാഭ്യാസം
1 min readന്യൂഡൽഹി :ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞയോഗ പരിശീലകയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഡൽഹി സ്വദേശി പ്രൺവി ഗുപ്ത. 2022 നവംബറിലായിരുന്നു പ്രൺവിയുടെ ഗിന്നസ്‌നേട്ടം. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം യോഗാഭ്യാസം ചെയ്യുകയെന്നതാണ് അവളുടെ അടുത്ത മോഹം. അതിനുള്ള തീവ്ര പരിശ്രമത്തിലാണ് ഈ കൊച്ചുമിടുക്കി.
7 വയസ്സും 165 ദിവസവും പ്രായമുള്ളപ്പോഴാണ് പ്രായം കുറഞ്ഞ യോഗ പരിശീലകയെന്ന ഗിന്നസ് റെക്കോർഡ് പ്രൺവി സ്വന്തമാക്കിയത്. 2021ൽ 9 വയസ്സും 220 ദിവസവും പ്രായമുള്ളപ്പോൾ റെക്കോർഡിട്ട റെയാൻഷ് സുരാനിയെ പിന്നിലാക്കിയായിരുന്നു പ്രൺവിയുടെ നേട്ടം.
മൂന്ന് വയസ്സ് പ്രായമുള്ളപ്പോൾ ദുബായിലെ വേദിക് യോഗ സെന്ററിൽ വെച്ചാണ് പ്രൺവി യോഗപരിശീലനം ആരംഭിക്കുന്നത്. പരിശീലകൻ വിൻസെന്റ് എർത്ത് കോട്ടയിൽ. അവരുടെ നിർദ്ദേശപ്രകാരമാണ് ഇൻസ്ട്രക്റ്റർമാർക്കുള്ള കോഴ്സിൽ ചേർന്നത്.യോഗ അലയൻസിന്റെ 200 മണിക്കൂർ ദൈർഘ്യമുള്ള ഒരു കോഴ്സും പ്രൺവി പൂർത്തിയാക്കി.
അഭിമാനവും ആവേശവും തോന്നുന്നു എന്നാണ് ഗിന്നസ് നേട്ടത്തെക്കുറിച്ച് പ്രൺവി പ്രതികരിച്ചത്. വളരെയധികം പ്രയോജനം ചെയ്യുന്ന ഒന്നാണ് യോഗ. കുട്ടികളുൾപ്പെടെ എല്ലാവരും അത് ചെയ്യണം. ഈ സന്ദേശം ലോകം മുഴുവൻ എത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു- പ്രൺവി പറഞ്ഞു. എന്നെങ്കിലുമൊരിക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം യോഗ ചെയ്യണമെന്ന ആഗ്രഹവും അവൾ അറിയിച്ചു.
മകൾക്ക് പൂർണ പിന്തുണ നൽകുമെന്നും അവളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി കൂടെ നിൽക്കുമെന്നും പ്രൺവിയുടെ മാതാപിതാക്കൾ പറഞ്ഞു.