പൊന്നിയിന്‍ സെല്‍വന്‍2, ചരിത്രത്തോട് നീതി പുലര്‍ത്തിയ സിനിമ

1 min read

മണിരത്‌നത്തിന്റെ സംവിധാന മികവും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും അതിശയിപ്പിക്കുന്നു

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ക്ലാസിക് നോവല്‍, മണിരത്‌നത്തിന്റെ സംവിധാന മികവില്‍ സിനിമയാകുമ്പോള്‍ കാണികള്‍ പ്രതീക്ഷിക്കുന്നതെന്തായിരിക്കും. ആ പ്രതീക്ഷ തെറ്റിച്ചില്ല പൊന്നിയിന്‍ സെല്‍വന്‍2. കഥാപാത്രങ്ങളെ വളരെ സൂക്ഷ്മതയോടെയാണ് മണിരത്‌നം തെരഞ്ഞെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് തെറ്റിയില്ല എന്ന് ഓരോരുത്തരും തെളിയിച്ചു.

നന്ദിനിയുടെയും ആദിത്യകരികാലന്റെയും ബാല്യത്തില്‍ നിന്നാണ് സിനിമയുടെ രണ്ടാം ഭാഗം ആരംഭിക്കുന്നത്. നന്ദിനിക്ക് കരികാലനോടുള്ള പകയാണ് ആദ്യഭാഗത്ത് നാം കണ്ടത്. അതിനുമുമ്പ് അവര്‍ തമ്മിലുണ്ടായിരുന്ന സ്‌നേഹബന്ധത്തിന്റെ ആഴം വ്യക്തമാക്കി, ചോളപാണ്ഡ്യ രാജവംശങ്ങള്‍ തമ്മിലുള്ള മത്സരത്തിലേക്ക് നമ്മെ ആനയിക്കുകയാണ് രണ്ടാം ഭാഗം.

ചോളകുലത്തെ വേരോടെ നശിപ്പിക്കും എന്ന് ശപഥമെടുത്ത നന്ദിനി, ആദിത്യകരികാലനെയും സഹോദരന്‍ പൊന്നിയന്‍ സെല്‍വനെയും സഹോദരി കുന്ദവൈയേയും നശിപ്പിച്ച് പക വീട്ടാനുള്ള തയ്യാറെടുപ്പിലാണ്. ബുദ്ധിയും സൗന്ദര്യവും കൊണ്ട് അധികാരം കൈപ്പിടിയിലൊതുക്കിയ നന്ദിനി, ഐശ്വരാറായിയുടെ കയ്യില്‍ ഭദ്രമാണ്. കരികാലന്റെ വേഷം വിക്രം അല്ലാതെ മറ്റാരു ചെയ്താലും ശരിയാവില്ല. കഥാപാത്രത്തിന്റെ വികാരവിക്ഷോഭങ്ങളെ എത്ര മനോഹരമായാണ് അദ്ദേഹം തന്റെ ശരീരത്തിലേക്ക് ആവാഹിച്ചിരിക്കുന്നത്. കുന്ദവൈ രാജകുമാരിയായി തൃഷയും വള്ളുവരായന്‍ വന്ത്യത്തേവരായി കാര്‍ത്തിയും സിനിമയില്‍ നിറഞ്ഞാടുകയാണ്. പൊന്നിയിന്‍ സെല്‍വനായി ടൈറ്റില്‍ റോളിലെത്തിയ ജയം രവി തലയെടുപ്പുകൊണ്ട് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കി. സംഘര്‍ഷങ്ങള്‍ക്കിടയിലും ഹാസ്യത്തിന്റെ മേമ്പൊടിയുമായെത്തുന്ന ആഴ് വാര്‍ക്കടിയന്‍ നമ്പി ജയറാമിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ്. ഐശ്വര്യലക്ഷ്മി, ശോഭിത ദൂലിപാല, ശരത്കുമാര്‍, പ്രഭു, പ്രകാശ് രാജ്, ലാല്‍, പാര്‍ത്ഥിപന്‍, ബാബു ആന്റണി, കിഷോര്‍, വിക്രം പ്രഭു, തുടങ്ങിയ സമ്പന്നവും പ്രൌഡവുമായ താരനിര സിനിമയെ വേറിട്ടതാക്കുന്നു. മനോഹരമായ പശ്ചാത്തല സംഗീതവും ഉജ്ജ്വലമായ ഫൈറ്റുകളും സിനിമയ്ക്ക് മിഴിവേകുന്നു.

നന്ദിനി തന്റെ പക വീട്ടിയോ? ചോളസാമ്രാജ്യത്തിന്റെ അധിപനായതാരാണ്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സിനിമ കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകനു ലഭിക്കും. ചരിത്രത്തോടും നോവലിനോടും നീതി പുലര്‍ത്താന്‍ മണിരത്‌നം എന്ന ഇതിഹാസ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനിമ കാണുന്നവര്‍ക്ക് തീര്‍ച്ചയായും നിരാശപ്പെടേണ്ടി വരില്ല.

Related posts:

Leave a Reply

Your email address will not be published.