വിനു വി. ജോണിനെതിരായ പോലീസ് നീക്കം: മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ വെല്ലുവിളിയെന്ന് പ്രസ്‌ക്ലബ്

1 min read

തിരുവനന്തപുരം : ഏഷ്യാനെറ്റിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി. ജോണിനെതിരേ കള്ളക്കേസെടുത്ത് നോട്ടീസ് നല്‍കിയ കേരള പൊലീസിന്റെ നീക്കത്തെ തിരുവനന്തപുരം പ്രസ്‌ക്ലബ് ശക്തമായി അപലപിച്ചു. ഒരു ഭരണകക്ഷി നേതാവിനെതിരേ വാര്‍ത്താ അവതരണത്തിനിടയില്‍ പരാമര്‍ശം നടത്തിയതിനാണ് കഴിഞ്ഞ ഒരു വര്‍ഷമായി നടത്തുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഈ വേട്ടയാടല്‍.

രാജ്യവ്യാപക ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന അക്രമങ്ങള്‍ക്കെതിരായ ചാനല്‍ ചര്‍ച്ചയ്ക്കിടെ എളമരം കരീം എം.പിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് വിനു വി. ജോണിനെതിരേ കേസെടുത്തതും പ്രതികാര നടപടികള്‍ പോലീസ് തുടരുന്നതും.

മാധ്യമസ്വാതന്ത്ര്യവും പൗരാവകാശവുമൊക്കെ തകര്‍ക്കുന്ന ഹീനമായ നീക്കമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇതിന് തടയിടാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് മാധ്യമ സമൂഹം നിര്‍ബന്ധിതരാകും. ഭരണകക്ഷി നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനുള്ള നീക്കത്തില്‍ നിന്ന് പോലീസും സര്‍ക്കാരും പിന്‍മാറണം.

വിനു വി. ജോണിനെതിരായ കള്ളക്കേസ് പിന്‍വലിക്കാനും മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എന്‍. സാനുവും അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.