പി.എം.എ.സലാം മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി
1 min readകോഴിക്കോട് : മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.എം.എ.സലാം തുടരും. ഇന്നു ചേർന്ന ലീഗ് ഉന്നതാധികാര സമിതിയോഗത്തിലാണ് തീരുമാനം. പ്രഖ്യാപനം സംസ്ഥാന കൗൺസിൽ യോഗത്തിലേ ഉണ്ടാകൂ. ഡോ.എം.കെ.മുനീർ ജനറൽ സെക്രട്ടറിയാകും എന്നുള്ള സൂചനയുണ്ടായിരുന്നെങ്കിലും സലാമിനാണ് നറുക്കു വീണത്.
ഉന്നതാധികാര സമിതിയോഗം തുടങ്ങിയ ഉടനെ തന്നെ മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പി.എം.എ.സലാമിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു. ഇ.ടി.മുഹമ്മദ് ബഷീറും പി.വി.അബ്ദുൾ വഹാബും ഇതിനെ എതിർത്തെങ്കിലും ഇവരുടെ നിലപാടിന് പൊതു സ്വീകാര്യത ലഭിച്ചില്ല. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പിന്തുണയും സലാമിനുണ്ടായിരുന്നു.
നിലവിൽ മുസ്ലീംലീഗിന്റെ ആക്ടിങ് ജനറൽ സെക്രട്ടറിയാണ് പി.എം.എ.സലാം. നേരത്തെ ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.എ.മജീദ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സലാം ആക്ടിങ് സെക്രട്ടറിയായത്. കെ.എം.ഷാജി ഉൾപ്പെടെയുള്ള നേതാക്കൾ എം.കെ.മുനീറിനെ ജനറൽ സെക്രട്ടറിയാക്കണമെന്ന് അഭിപ്രായപ്പെട്ട് രംഗത്തു വന്നിരുന്നു.