വീണ്ടും പിണറായി മാജിക്
1 min readലാവ്‌ലിന്‍ കേസ് 33ാം തവണയും മാറ്റിവെച്ചു, ജസ്റ്റിസ് സി.ടി.രവികുമാര്‍ പിന്‍മാറി
എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവെച്ചു. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് മലയാളിയായ ജസ്റ്റിസ് സി.ടി.രവികുമാര്‍ പിന്‍മാറിയതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്. മുപ്പത്തി മൂന്നാമത്തെ തവണയാണ് കേസ് മാറ്റുന്നത്. കേസ് പരിഗണനയ്ക്ക് വന്നപ്പോള്‍ ഹൈക്കോടതിയില്‍ കേസ് കേട്ടുവെന്ന് പറഞ്ഞാണ് ജസ്റ്റിസ് സി.ടി.രവികുമാര്‍ പിന്‍മാറിയത്. ജസ്റ്റിസുമാരായ സി.ടി.രവികുമാറും എം.ആര്‍.ഷായും ഉള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് വാദം കേള്‍ക്കേണ്ടിയിരുന്നത്.
നാലാം നമ്പര്‍ കോടതിയില്‍ 21ാം നമ്പറായാണ് ലാവ്‌ലിന്‍ കേസ് ലിസ്റ്റ് ചെയ്തിരുന്നത്. പനി ബാധിച്ച് ചികിത്സയില്‍ ആയതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മൂന്നാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ഊര്‍ജ്ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസിന്റെ അഭിഭാഷകന്‍ കത്ത് നല്‍കിയിരുന്നു.
പന്നിയാര്‍, ചെങ്കളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും അതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. സംസ്ഥാനത്ത് ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണിത്. 2017 മുതല്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പിണറായി വിജയന്‍, ഊര്‍ജ്ജവകുപ്പ് മുന്‍ സെക്രട്ടറി മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പിണറായി വിജയന്‍ പ്രതിയായതുകൊണ്ടു തന്നെ കേരളം കാതോര്‍ത്തിരിക്കുന്ന കേസാണിത്. ഓരോ തവണയും എന്തെങ്കിലും കാരണങ്ങളാല്‍ കേസ് മാറ്റി വെയ്ക്കപ്പെടുകയാണ്.