പഴയിടം ഇരട്ടക്കൊലക്കേസ് : പ്രതിക്ക് വധശിക്ഷ
1 min readകോട്ടയം : പഴയിടം ഇരട്ടക്കൊലക്കേസില്‍ പ്രതി അരുണ്‍ ശശിക്ക് (39) വധശിക്ഷ. കോട്ടയം അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി 2 ജഡ്ജി ജെ.നാസറാണ് വിധി പറഞ്ഞത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2013 സെപ്റ്റംബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ പഴയിടം തീമ്പനാല്‍ വീട്ടില്‍ എന്‍.ഭാസ്‌കരന്‍ (75), ഭാര്യ റിട്ടയേര്‍ഡ് കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മ (69) എന്നിവരാണ് കാല്ലപ്പെട്ടത്. പ്രതി അരുണ്‍ ശശി, ഇരുവരെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട തങ്കമ്മയുടെ സഹോദര പുത്രനാണ് അരുണ്‍ ശശി.
കാര്‍ വാങ്ങണമെന്നാവശ്യപ്പെട്ട് ദമ്പതികളെ ശശി സമീപിച്ചിരുന്നു. എന്നാല്‍ അവര്‍ പണം നല്‍കിയില്ല. ഈ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമായത്. തുടര്‍ന്ന് കേസ് അന്വേഷണത്തിന് പൊലീസിനെ സഹായിച്ചതും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന് മുന്നില്‍ നിന്നതും ഇയാളാണ്. കേസ് അന്വേഷണത്തിനിടെ പ്രദേശത്തെ മാല മോഷണവുമായി ബന്ധപ്പെട്ട് അരുണ്‍ ശശി അറസ്റ്റിലായിരുന്നു. ഇതു സംബന്ധിച്ച് ചോദ്യം ചെയ്യലിനിടയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
കേസിന്റെ വിചാരണയ്ക്കിടെ ജാമ്യം നേടി തമിഴ്‌നാട്ടിലേക്ക് മുങ്ങിയ അരുണ്‍ ശശിയെ അവിടെ നിന്നാണ് പൊലീസ് പിന്നീട് പിടികൂടിയത്. തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ നിരവധി മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയായത്. സംരക്ഷിക്കേണ്ടയാള്‍ തന്നെ ക്രൂരമായി കൊലപ്പെടുത്തിയതായി വിലയിരുത്തിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.