അദാനി വിഷയം കോണ്‍ഗ്രസിനെ കുത്തി പവാര്‍; യു.പി.എയില്‍ ഭിന്നത

1 min read

അദാനി വിഷയം ഒരു പ്രത്യേക താല്‍പര്യത്തോടെയെന്ന് ശരദ് പവാര്‍

യു.പി.എ ഭിന്നിപ്പിലേക്ക് നീങ്ങുകയാണോ. ശരദ് പവാര്‍ കോണ്‍ഗ്രസ് സഖ്യം വിടുമോ. അദാനി വിഷയം സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിന്റെ നിലപാടിനെ എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍ ചോദ്യം ചെയ്യുന്നു. ജെ.പി.സികൊണ്ട് എന്താണ് കാര്യം. അദ്ദേഹം ചോദിക്കുന്നു.

മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കോണ്‍ഗ്രസ് അദ്ധ്യക്ഷനുമായ വൈ.ബി.ചവാന്റെ അനുയായിയായാണ് ശരദ് പവാര്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിലേക്ക് വരുന്നത്. പിന്നീട് ദേശീയ നിരയിലെ പ്രമുഖനായി. സോണിയയുടെ വിദേശ പൗരത്വം ഉയര്‍ത്തിയാണ് പവാര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കുന്നത്. ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് ചുമതലക്കാരനായ താരിഖ് അന്‍വറും മുന്‍ ലോകസഭാ സ്പീക്കര്‍ പി.എ സാംഗമയും അന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. ഇപ്പോള്‍ ദേശീയ പ്രതിപക്ഷ നേതൃനിരയിലെ ഏറ്റവും തലയെടുപ്പുള്ള നേതാക്കളിലൊരാളായ പവാറിന് മഹാരാഷ്ടയില്‍ ഇപ്പോഴും ശക്തമായ അടിത്തറയുണ്ട്.

കോണ്‍ഗ്രസ് പ്രധാനമായി ഉന്നയിക്കുന്ന അദാനി വിഷയത്തിന്റെ പ്രസക്തിയെ തന്നെ അദ്ദേഹം ചോദ്യം ചെയ്യുകയാണ്. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് പറയവേ ഇതിന് മുമ്പും ഇങ്ങനെയൊക്കെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. അന്നൊന്നും ഇത്ര ബഹളമുണ്ടായിരുന്നില്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ ഉദ്ദേശശുദ്ധിയേയും പവാര്‍ വിമര്‍ശിക്കുന്നു. ഇത് പ്രത്യേക ലക്ഷ്യത്തോടെ തയ്യാറാക്കിയതാണ്. ഇത് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയാണ് പ്രതികൂലമായി ബാധിക്കുക. രാജ്യത്തെ ഒരു വ്യവസായ ഗ്രൂപ്പിനെ ടാര്‍ജറ്റ് ചെയ്യുന്നത് ശരിയല്ല. അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിക്കട്ടെ. ഇതിന് മുമ്പും ജെ.പി.സി അന്വേഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. കോക്കോകോള വിഷയത്തില്‍ താന്‍ ചെയര്‍മാനായി ഒരു ജെ.പി.സി ഉണ്ടായിരുന്നു. രാജ്യത്തെ ഒരു വ്യവസായിയെ ടാര്‍ജറ്റ് ചെയ്യാനായി മാത്രം ജെ.പി.സി അന്വേഷണം വേണമെന്ന് പറയുന്നത് ശരിയല്ല.

ഇപ്പോള്‍ തന്നെ സുപ്രീംകോടതി അന്വേഷണം നടക്കുന്നണ്ടല്ലോ. ഒരു റിട്ടയഡ് ജഡ്ജിയും ഈ മേഖലയിലെ വിദഗദ്ധനും ഭരണമേഖലയില്‍ നിന്നുളള ഒരാളും സാമ്പത്തിക വിദഗ്ദ്ധനുമൊക്കെയുള്ള കമ്മിറ്റിയാണ് സമയ ബന്ധിതമായി അന്വേഷിക്കുന്നത്. സുപ്രീംകോടതിയെ ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയില്ല. ശരിയായി അന്വേഷിക്കുകയാണ് വേണ്ടതെങ്കില്‍ സുപ്രീംകോടതി അന്വേഷണം പോരെ. ജെ.പി.സിയില്‍ ഭരണകക്ഷിക്കാണ് നിര്‍ണായക സ്വാധീനമുണ്ടാകുക. അതുകൊണ്ട് തന്നെ ഈ ആവശ്യം അസംബന്ധമാണെന്നു പവാര്‍ പറഞ്ഞു. എന്നാല്‍ ജെ.പി.സി വന്നാല്‍ നിത്യേന ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വരും. ഇത് രണ്ട് മാസം മുതല്‍ നാലു മാസം വരെ നീണ്ടു നില്‍ക്കും. എന്നാല്‍ സത്യം പുറത്തുവരില്ല. അത്രയും കാലം ഈ പ്രശ്‌നം സജീവമായ ചര്‍ച്ചാ വിഷയമായി നില്‍ക്കണമെന്ന് ചിലര്‍ക്ക് താല്‍പര്യമുണ്ടാകാം. അതുകൊണ്ടായിരിക്കും ജെ.പി.സി ആവശ്യപ്പെടുന്നതെന്ന് പവാര്‍ പറഞ്ഞു.

എന്തുപറഞ്ഞാലും അദാനി അംബാനി എന്നു പറഞ്ഞ് വിമര്‍ശിക്കുന്നതില്‍ കാര്യമില്ല. നേരത്തെ എല്ലാവരും വിമര്‍ശിച്ചിരുന്നത് ടാറ്റ, ബിര്‍ള മാരെയാണ്. തങ്ങളൊക്കെ രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ടാറ്റയെയും ബിര്‍ളയെയുമാണ് പറയുക. അതിലൊരു കാര്യവുമില്ല. അവര്‍ നമ്മുടെ നാടിന്റെ വികസനത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയവരാണ്. എന്തിനാണ് അവരെ വിമര്‍ശിക്കുന്നതെന്ന് ഞങ്ങളാലോചിച്ചു. എന്നാലും സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ ടാറ്റ, ബിര്‍ള എന്നു പറഞ്ഞുകൊണ്ടേയിരുന്നു.

അവരെന്തെങ്കിലും ചെയ്താല്‍ ടാറ്റയായാലും ബിര്‍ളയായാലും അദാനി അംബാനിയായാലും വിമര്‍ശിക്കണം. ജനാധിപത്യത്തില്‍ അതിന് നൂറ് ശതമാനം അവകാശമുണ്ട്. പക്ഷേ വെറുതെ അദാനി അംബാനി എന്ന് പറഞ്ഞ് നടക്കുന്നതില്‍ ഒരു കാര്യമില്ല, അര്‍ഥ ശൂന്യമാണത്. പവാര്‍ പറഞ്ഞു.

അദാനി പെട്രോകെമിക്കല്‍ മേഖലയില്‍ ഒരു പാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് നമുക്ക് വേണ്ടെ. അദാനി വൈദ്യുതി മേഖലയില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അതും നമുക്ക് വേണ്ടേ ..ഇവരെല്ലാവരും രാജ്യവികസനത്തിനാണ് സംഭാവന ചെയ്തിട്ടുള്ളത്. രാജ്യത്ത് പശ്ചാത്തല സൗകര്യമൊരുക്കിയിട്ടുള്ളത്. അതിനെ തള്ളിപ്പറയുന്നതിനോട് എനിക്ക് യോജിക്കാന്‍ കഴിയില്ല.

വിമര്‍ശനം മാത്രം പോരാ, ചര്‍ച്ചകളും സംവാദങ്ങളും വേണം. അല്ലെങ്കില്‍ സംവിധാനം മോശമാകും. എല്ലാം നശിക്കും. നമ്മള്‍ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം. അല്ലെങ്കില്‍ തെറ്റായ പാതയിലേക്കാകും നീങ്ങുകയാണെന്നും പവാര്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ വെടിപൊട്ടി തുടങ്ങിക്കഴിഞ്ഞു. ഗുലാം നബി ആസാദിനെ പോലുള്ള പ്രമുഖര്‍ പാര്‍ട്ടി വിട്ടുകഴിഞ്ഞു. പലരും വിടാനിരിക്കുന്നു. അതിനിടിയിലാണ് യു.പി.എ മുന്നണിയില്‍ നിന്നു തന്നെ ഭിന്നതയുടെ സ്വരമുയരുന്നത്.

Related posts:

Leave a Reply

Your email address will not be published.